Football

ഫൈനലിന് വിസിലൂതാന്‍ ‘ഭാഗ്യ റഫറി’!! അര്‍ജന്റീനയ്ക്ക് ഭാഗ്യം കൊണ്ടുവരും?

ഫിഫ ലോകകപ്പിന്റെ ഫൈനല്‍ നിയന്ത്രിക്കാനെത്തുന്ന ഷിമന്‍ മാഴ്‌സിനിയാക്ക് അര്‍ജന്റീനയ്ക്ക് ഭാഗ്യം കൊണ്ടുവരുമോ? ക്വാര്‍ട്ടര്‍ ഫൈനലില്‍ 16 കാര്‍ഡുകള്‍ പൊക്കിയ മതേവു ലാഹോസ് എന്ന വിവാദ റഫറിയുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടുകാരനായ ഷിമന്‍ ആളൊരു മാന്യനാണ്. കളത്തില്‍ വലിയ തോതില്‍ കാര്‍ഡുകള്‍ പൊക്കാതെ കളി നിയന്ത്രിക്കുന്ന സൗമ്യന്‍.

ഷിമന്‍ അര്‍ജന്റീനയെ സംബന്ധിച്ച് ഭാഗ്യം കൊണ്ടു വരുന്ന റഫറിയാണെന്ന് ചരിത്രം പറയുന്നു. അര്‍ജന്റീന കളിക്കാനിറങ്ങിയ രണ്ട് ലോകകപ്പ് മല്‍സരങ്ങളാണ് ഈ 41 കാരന്‍ ഇതുവരെ നിയന്ത്രിച്ചത്. ആദ്യത്തെ മല്‍സരം 2018 ലോകകപ്പിലായിരുന്നു. അന്ന് ഐസ്‌ലന്‍ഡിനെതിരേ നടന്ന മല്‍സരം 1-1ന് സമനിലയിലായി.

ഇത്തവണ അര്‍ജന്റീന-ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കളി നിയന്ത്രിച്ചതും ഷിമന്‍ ആയിരുന്നു. അന്നും ജയം മെസിക്കും കൂട്ടര്‍ക്കുമൊപ്പമായി. വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഒടുവില്‍ വീണ്ടുമൊരു കിരീടത്തിനായി അര്‍ജന്റീന കാത്തിരിക്കുമ്പോള്‍ റഫറി ഭാഗ്യം കൊണ്ടു വരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

പൊതുവേ സൗമ്യനായ ഷിമന്‍ കളിക്കളത്തില്‍ താരങ്ങളോട് തമാശയൊക്കെ പറഞ്ഞ്, എന്നാല്‍ ഗൗരവം കളയാതെ കളി നിയന്ത്രിക്കുന്ന റഫറിയാണ്. 2022 ല്‍ ഇതുവരെ ഒരൊറ്റ റെഡ് കാര്‍ഡ് മാത്രമാണ് അദേഹം ഉയിര്‍ത്തിയിട്ടുള്ളൂ. അതും രണ്ടാം മഞ്ഞക്കാര്‍ഡിന്റെ രൂപത്തില്‍ മാത്രം.

2018 ലെ ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരവും ഷിമന്‍ നിയന്ത്രിച്ചത് ഒരൊറ്റ കാര്‍ഡ് പോലും നല്‍കാതെയാണ്. കാര്‍ഡൊന്നും എടുക്കാതെ തന്നെ കളിക്കാരെ കൃത്യമായി നിയന്ത്രിക്കാന്‍ ഈ പോളണ്ടുകാരന് സാധിക്കുമെന്ന് സഹ റഫറിമാരും പറയുന്നു.

ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.

അര്‍ജന്റീന നായകന്‍ മെസി തന്നെ റഫറിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ട മത്സരമായിരുന്നത്. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്.

ഇരു ടീമിലുമായി 16 കളിക്കാര്‍ക്കും രണ്ട് പരിശീലകര്‍ക്കും ലാഹോസ് കാര്‍ഡ് നല്‍കിയിരുന്നു. എന്തായാലും ഫൈനല്‍ വലിയ തലവേദന ഇല്ലാതെ നടത്താമെന്ന പ്രതീക്ഷയിലാണ് ഫിഫ.

Related Articles

Back to top button