Cricket

ഇതിന്റെയപ്പുറം ഒരു പ്രവചനമില്ല!! വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസത്തിന്റെ ലോകകപ്പ് ടീമില്‍ ഒന്നാമന്‍ സഞ്ജു സാംസണ്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലുണ്ടായ ഒരു പ്രധാന തീരുമാനം ഐപിഎല്‍ പ്രകടനം മാത്രം കണക്കിലെടുത്ത് ടീം തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ്.

കാറപകടത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന പന്ത് ഐപിഎല്ലിലൂടെയാണ് തിരിച്ചെത്തിയത്. മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തു. എന്നാല്‍ പന്തിനെ പ്രധാന കീപ്പറാക്കേണ്ടെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം എന്നാണ് സൂചന.

സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും എന്നാണ് വിവരം. ഇതിനോടകം നിരവധി മുന്‍താരങ്ങളാണ് തങ്ങളുടേതായ ലോകകപ്പ് ടീമിനെ പ്രവചിച്ചത്.

ഇതില്‍ മിക്ക ടീമുകളിലും ഇടംനേടാന്‍ സഞ്ജുവിനാവുകയും ചെയ്തു. ഇപ്പോഴിതാ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ.

സഞ്ജു ഉള്‍പ്പെടുന്ന ടീമിനെയാണ് ലാറ പുറത്തുവിട്ടിരിക്കുന്നത്. റിഷഭ് പന്തും ടീമിലുണ്ട്. അതേ സമയം കെ.എല്‍ രാഹുല്‍ ഒഴിവാക്കപ്പെട്ടു. ശുഭ്മാന്‍ ഗില്ലിനും റിതുരാജ് ഗെയ്കവാദിനും ടീമിലിടമില്ല.

അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ഇടങ്കയ്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടീമിലിടം പിടിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം വിരാട് കോലിയും ഉണ്ട്. പുതിയ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മായങ്ക് യാദവും ലാറയുടെ ടീമില്‍ ഇടംപിടിച്ചു.

കളി നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കിയിലുമായിട്ടായതിനാല്‍ ലാറയുടെ പ്രവചനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ലാറയുടെ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ശിവം ദുബെ, യൂസ്വേന്ദ്ര ചാഹല്‍, മായങ്ക് യാദവ്.

Related Articles

Back to top button