Cricket

പന്ത് ചതിച്ചു; കരുണരത്‌നയുടെ 4 പല്ലുകള്‍ നഷ്ടപ്പെട്ടു!!

ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ദേശീയ താരം ചമിക കരുണരത്‌നയ്ക്ക് നഷ്ടമായത് വിലപിടിപ്പുള്ള നാല് മുന്‍നിര പല്ലുകള്‍. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ പന്ത് കൊണ്ടാണ് കരുണരത്‌നയ്ക്ക് മുന്‍നിരയില്‍ തന്നെയുള്ള പന്തുകള്‍ നഷ്ടമായത്. പല്ല് പോയെങ്കിലും ക്യാച്ച് നഷ്ടപ്പെടുത്താതിരുന്ന കരുണരത്‌നയെ തൊട്ടുപിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

കരുണരത്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ബാക്കി മല്‍സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും. ഫാല്‍ക്കണ്‍സിനു വേണ്ടി ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മല്‍സരത്തിലാണ് സംഭവം. കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ പന്തില്‍ നുവനിന്ദു ഫെര്‍ണാണ്ടോ ഉയര്‍ത്തിയടിച്ച പന്താണ് താഴെയെത്തി കരുണരത്‌നയുടെ പല്ല് തകര്‍ത്തത്.

പന്ത് മുഖത്ത് കൊണ്ട ഉടന്‍ തന്നെ ചോരചിന്തി. അഭിനന്ദിക്കാന്‍ ഓടിയെത്തിയ സഹതാരങ്ങള്‍ കാണുന്നത് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കരുണരത്‌നെയെയാണ്. ഉടന്‍ തന്നെ ആംബുലന്‍സ് എത്തിച്ച് താരത്തെ ആശുപത്രിയിലേക്ക് മാറ്റി.

സമീപകാലത്ത് ശ്രീലങ്കയ്ക്കായി മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് കരുണരത്‌ന. ട്വന്റി-20 ഏഷ്യാകപ്പില്‍ അടക്കം മികച്ച പ്രകടനം നടത്തി. 57 മല്‍സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളും നേടിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച ലോകകപ്പിലും ലങ്കന്‍ ജേഴ്‌സിയണിഞ്ഞിരുന്നു.

Related Articles

Back to top button