Cricket

ഒടുവില്‍ ഓസ്‌ട്രേലിയയ്ക്ക് മനംമാറ്റം !! ഐപിഎല്ലിലെ വെടിക്കെട്ടു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതി

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ യുവതാരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി തീപ്പൊരി ബാറ്റിംഗ് പുറത്തെടുത്ത താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം.

ഈ ഐപിഎല്‍ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നാല് അര്‍ധ സെഞ്ചുറികള്‍ അടക്കം 330 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 234.04 എന്ന വിസ്മയകരമായ സ്‌ട്രൈക്ക് റേറ്റും ഐപിഎല്ലില്‍ താരത്തിനുണ്ട്.

ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന താരം മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് മടങ്ങിയതോടെയാണ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചത്.

ഐപിഎല്ലില്‍ രണ്ടുതവണ 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ഏകതാരമാണ് മക്ഗുര്‍ക്ക്. രണ്ടും ഒരു സീസണില്‍ത്തന്നെ നേടി എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഒരു കളിയില്‍ 19 പന്തിലും അര്‍ധ സെഞ്ചുറി നേടി. 28 സിക്‌സറും താരം പറത്തി.

ഇതേത്തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് മക്ഗുര്‍ക്കിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തിയത്. താരത്തെയും ഓള്‍റൗണ്ടര്‍ മാത്യുഷോര്‍ട്ടിനെയും ട്രാവലിംഗ് റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് മക്ഗുര്‍ക്കിന്റെ സാധ്യതകളിലേക്ക് വഴിതെളിച്ചത്.

ഓപ്പണിങ് ബാറ്ററായി മികച്ച തുടക്കം നല്‍കുന്ന മക്ഗുര്‍ക്ക് രണ്ട് ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ട്വന്റി20യില്‍ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.

ഓസ്ട്രേലിയയുടെ പതിനഞ്ചംഗ സ്‌ക്വാഡില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായി പരിചയസമ്പന്നരായ ഡേവിഡ് വാര്‍ണര്‍, ട്രവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുണ്ട്.

അതേസമയം ടി20 ലോകകപ്പിനായി ഓസ്ട്രേലിയന്‍ ടീം മേയ് 23ന് പുറപ്പെടും. ട്രിനിഡാഡിലെത്തിയശേഷം പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. തുടര്‍ന്ന് 28ന് നമീബിയക്കെതിരെയും 30ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരിശീലന മത്സരം കളിക്കും.

ഐപിഎല്ലില്‍ കളിക്കുന്ന ട്രവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ പിന്നീട് ടീമിനൊപ്പം ചേരും. ബാര്‍ബഡോസില്‍ ജൂണ്‍ അഞ്ചിന് ഒമാനെതിരെയാണ് ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം.

Related Articles

Back to top button