Cricket

ദിമിയുടെ കാര്യത്തില്‍ ‘യുടേണ്‍’ ബ്ലാസ്റ്റേഴ്സിന് വീണ്ടുവിചാരം?

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് ഇതിഹാസതാരം ദിമിത്രിയോസ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

താരവും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും ക്ലബിനും നന്ദി പറയുന്നതു പോലെ സോഷ്യല്‍മീഡിയ പോസ്റ്റ് ഇടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കുന്ന കാര്യത്തില്‍ എടുത്ത തീരുമാനങ്ങളാണ് ദിമിയുടെ മടക്കത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ അടിച്ചുകൂട്ടിയ ദിമി മാനേജ്മെന്റില്‍ നിന്ന് ഇതിലും നല്ല ഓഫര്‍ പ്രതീക്ഷിച്ചിരുന്നു. സാലറി കാര്യത്തില്‍ ഇരട്ടിയോളം വര്‍ധനവില്ലെങ്കിലും തന്റെ പ്രകടനത്തിനൊത്ത പ്രതിഫലം കിട്ടുമെന്നായിരുന്നു താരത്തിന്റെ വിശ്വാസം.

എന്നാല്‍, കാര്യങ്ങള്‍ അത്ര പോസിറ്റീവായല്ല സംഭവിച്ചത്. ദിമിക്ക് ഓഫര്‍ ചെയ്ത തുക താരത്തിന്റെ പ്രതീക്ഷകള്‍ക്ക് വളരെ താഴെയായിരുന്നത്രേ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റ് രണ്ടോ മൂന്നോ ക്ലബുകള്‍ ഗ്രീക്ക് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ വലിയ ഓഫറുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

മുംബൈ സിറ്റി, എഫ്സി ഗോവ ക്ലബുകളാണ് ദിമിയുടെ ബൂട്ടുകള്‍ വിലയ്ക്കെടുക്കാന്‍ രംഗത്തുള്ളത്. അവര്‍ താരവുമായി ചര്‍ച്ചകള്‍ ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ മറ്റൊരു ട്വിസ്റ്റ് വരുന്നുണ്ട്. അത് ദിമിയുടെ കാര്യത്തില്‍ തന്നെയാണ്. ക്ലബ് മാനേജ്മെന്റ് ദിമിയുടെ കാര്യത്തില്‍ വീണ്ടുവിചാരത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തയാണത്.

താരത്തെ വിട്ടുകളയുന്നത് ബുദ്ധിയല്ലെന്ന ചിന്തയും മാനേജ്മെന്റ് തലത്തിലുണ്ട്. സാലറി ക്യാപ്പും ഏഷ്യന്‍ ക്വാട്ടയും അടുത്ത സീസണില്‍ എടുത്തു കളയുമെന്നതിനാല്‍ മറ്റ് ടീമുകള്‍ പൈസ വാരിയെറിയാന്‍ സാധ്യതയുണ്ട്.

താരതമ്യേന കളിക്കാരുടെ കാര്യത്തില്‍ ചെറിയ ബജറ്റില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ പോലുള്ള ക്ലബുകള്‍ക്ക് ഇത് അത്ര നല്ല സൂചനയല്ല. അതുകൊണ്ട് തന്നെ ദിമിയുടെ കാര്യത്തില്‍ ഒരു മറിച്ചുചിന്തിക്കലിന് ഇനിയും സാധ്യതയുണ്ട്. ദിമിയും നല്ല ഓഫര്‍ കിട്ടിയാല്‍ ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ സമ്മതം മൂളുമെന്നാണ് വിവരം.

ഈ സീസണ്‍ ഐഎസ്എല്ലില്‍ 13 ഗോളുകള്‍ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്‌കോറര്‍ ആയിരുന്നു. ആകെ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങള്‍ കളിച്ച ദിമി 28 ഗോളുകള്‍ ക്ലബിനായി നേടിയിട്ടുണ്ട്. 7 അസിസ്റ്റും സംഭാവന ചെയ്തു. എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍മാരില്‍ ഒരാളാണ് താരം.

Related Articles

Back to top button