Cricket

സഞ്ജു നിങ്ങള്‍ വേറെ ലെവലാണ്!! തിരിച്ചടികള്‍ക്കിടയിലും ആരാധകരുടെ മനംകവര്‍ന്ന് മലയാളി താരം; വീഡിയോ വൈറല്‍

ഐപിഎല്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കൊല്‍ക്കത്തയ്‌ക്കെതിരേ നടക്കേണ്ട അവസാന മത്സരം മഴ കൊണ്ടുപോയതാണ് സഞ്ജുവിനും കൂട്ടര്‍ക്കും വിനയായത്.
അസമിലെ ബര്‍സപുരില്‍ ഒരു പന്തുപോലും എറിയാതെയായിരുന്നു മത്സരം ഉപേക്ഷിച്ചത്.

ഇതോടെ 14 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും അഞ്ചു തോല്‍വിയും അടക്കം 17 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ രാജസ്ഥാനായുള്ളൂ.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നാലു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.

ഇതോടെ ആദ്യ ക്വാളിഫയര്‍ കളിക്കണമെങ്കില്‍ രാജസ്ഥാന് കൊല്‍ക്കത്തയെ തോല്‍പ്പിക്കണമെന്ന സ്ഥിതിയായി. എന്നാല്‍ മഴ വില്ലനായി എത്തിയതോടെ സഞ്ജുവും കൂട്ടരും മൂന്നാം സ്ഥാനത്തേക്കും എലിമിനേറ്ററിലേക്കും പിന്തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ മത്സരം നടന്നില്ലെങ്കിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസന്റെ ഹൃദയസ്പര്‍ശിയായ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ബര്‍സപുരയില്‍ വീല്‍ചെയറില്‍ കളികാണാന്‍ എത്തിയ ഒരു കൊല്‍ക്കത്ത ആരാധകനായ ക്രിഷ് എന്ന ചെറിയ കുട്ടിയോടൊപ്പമുള്ള സഞ്ജുവിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


സഞ്ജു കൊല്‍ക്കത്ത ആരാധകനായ ആ കുട്ടിക്ക് കൈ കൊടുക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആ സമയത്ത് ക്രിഷ് ‘ പ്ലേ ഓഫിന് ബെസ്റ്റ് ഓഫ് ലക്ക്’ എന്നും സഞ്ജുവിനോട് പറയുന്നതായി കാണാം.

സഞ്ജുവിന് ശേഷം രാജസ്ഥാന്‍ സ്പിന്നര്‍ ആര്‍.അശ്വിനും ആരാധകനുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മഴമൂലം മത്സരം ഉപേക്ഷിച്ചതിനാല്‍ മത്സരം കാണാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും അശ്വിന്‍ ആ കുട്ടിയോട് പറയുന്നതായി വീഡിയോയില്‍ കാണാം.

ഈ സീസണില്‍ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധസെഞ്ചുറികള്‍ സഹിതം 504 റണ്‍സാണ് താരം ഇതുവരെ നേടിയത്.

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് മാര്‍ക്ക് മറികടക്കുന്നത്.

മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചത്.

Related Articles

Back to top button