Cricket

രാജാവ് പടിയിറങ്ങുന്നത് ഒന്നാമനായി ! അപൂര്‍വ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി

ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായത് സൂപ്പര്‍ താരം വിരാട് കോഹ്‌ലി ആയിരുന്നു.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 34ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടപ്പോള്‍ 59 പന്തില്‍ 76 റണ്‍സുമായി കോഹ് ലി രക്ഷകനായി അവതരിക്കുകയായിരുന്നു. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

പ്ലേയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവുമധികം തവണ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമായി മാറാനും കോഹ് ലിയ്ക്കായി.

രാജ്യാന്തര ട്വന്റി20യില്‍ കോഹ് ലിയുടെ 16-ാം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായിരുന്നു ഇന്നലത്തേത്. 15 തവണ ഈ നേട്ടം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവിനെയാണ് കോഹ് ലി മറികടന്നത്.

14 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി അഫ്ഗാന്‍ താരം മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യന്‍ ബൗളിംഗില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിക്കുകയായിരുന്നു. ഹെന്‍ റിച്ച് ക്ലാസന്‍(27 പന്തില്‍ 52) ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക്(39), ട്രിസ്റ്റിയന്‍ സ്റ്റബ്‌സ്(31), ഡേവിഡ് മില്ലര്‍(21) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി.

അതേസമയം കിരീട വിജയത്തിനു ശേഷം വിരാട് കോഹ് ലിയും രോഹിത് ശര്‍മയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെയാകെ നിരാശരാക്കി.

Related Articles

Back to top button