Cricket

9 കൂറ്റന്‍ സിക്‌സറുകള്‍!! വെടിക്കെട്ടില്‍ ഞെട്ടിച്ച് പൃഥ്വിയുടെ ആറാട്ട്!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മറ്റൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി പൃഥ്വി ഷാ. അസമിനെതിരായ മല്‍സരത്തില്‍ വെറും 61 പന്തില്‍ നിന്ന് 134 റണ്‍സെടുത്താണ് പൃഥ്വി തനിസ്വരൂപം കാട്ടിയത്. 13 ഫോറുകളും 9 സിക്‌സറുകളും ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് അടിത്തറയേകി. മുംബൈ 20 ഓവറില്‍ അടിച്ചെടുത്തത് 230 റണ്‍സാണ്.

ക്രീസില്‍ ഓപ്പണറായെത്തിയത് മുതല്‍ കിടിലന്‍ ഫോമിലായിരുന്നു പൃഥ്വി. ഓപ്പണര്‍ അമന്‍ ഹക്കീം ഖാനെ മറുവശത്ത് നിര്‍ത്തി ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു ഷാ. വെറും 19 പന്തിലാണ് ഷാ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. മുംബൈ 8.2 ഓവറില്‍ 100 കടന്നു. ഷായുടെ മൂന്നക്കം വന്നത് 46 പന്തില്‍ നിന്നാണ്.

മുംബൈയ്ക്കായി യശ്വസിനി ജയ്‌സ്വാള്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. ശിവം ദൂബെ 7 പന്തില്‍ 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ 55 റണ്‍സെടുത്ത പൃഥ്വി രണ്ടാം മല്‍സരത്തില്‍ 29 റണ്‍സുമായി ടീമിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡ് ഉണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് ഷായെ പരിഗണിക്കാത്തതില്‍ ആരാധകരും അസംതൃപ്തരാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഷായ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് വിവരം.

Related Articles

Back to top button