Cricket

ധോണിയും ഗില്‍ക്രിസ്റ്റുമടക്കമുള്ള ഇതിഹാസങ്ങളെ മറികടന്ന് റിഷഭ് പന്ത് !! ചരിത്രത്തില്‍ ഒന്നാമന്‍

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ 47 റണ്‍സിനു തോല്‍പ്പിച്ചിരുന്നു. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

28 പന്തില്‍ 53 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുമാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പറന്നത്. 24 പന്തില്‍ 32 റണ്‍സ് നേടി ഹര്‍ദിക് പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

ബാറ്റിംഗില്‍ 11 പന്തില്‍ 20 റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. ട്വന്റി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

10 ക്യാച്ചുകളാണ് താരം ഇതുവരെ നേടിയത്. ഒമ്പത് ക്യാച്ചുകള്‍ നേടിയ ആദം ഗില്‍ഗ്രിസ്റ്റ്, ജോസ് ബട്ലര്‍, മാത്യു വെയ്ഡ്, സ്‌കോട് എഡ്വേര്‍ഡ്സ് എന്നിവരെ മറികടന്നു കൊണ്ടാണ് പന്തിന്റെ മുന്നേറ്റം.

നാലോവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റിട്ട ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. അര്‍ഷ്ദീപ് സിംഗും മൂന്നു വിക്കറ്റ് നേടി.

കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം കാഴ്ച വച്ചു.

സൂപ്പര്‍ എട്ടില്‍ നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 23ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും.

Related Articles

Back to top button