CricketIPL

15 വയസ് മാത്രം പ്രായം!! അഫ്ഗാന്റെ വണ്ടര്‍ സ്പിന്നര്‍ ഐപിഎല്‍ ലേലത്തില്‍ ഹിറ്റായേക്കും!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം ഡിസംബര്‍ 23 ന് നടക്കാനിരിക്കെ ഏവരുടെയും ശ്രദ്ധ അല്ലാ മുഹമ്മദ് ഗാസന്‍ഫാര്‍ എന്ന പതിനഞ്ചുകാരനിലാണ്. ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഈ അഫ്ഗാന്‍ സ്വദേശി. കഴിഞ്ഞ ബിഗ് ബാഷ് ലീഗിലും ഭാഗ്യം പരീക്ഷിക്കാന്‍ താരമുണ്ടായിരുന്നു.

അഫ്ഗാന്‍ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായ മുജീബ് സദ്രാന്റെ പോലുള്ള ബൗളിംഗ് ആക്ഷനും രീതികളുമാണ് ഈ പതിനഞ്ചുകാരന്റേത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് ഗാസന്‍ഫാറിന് ലേലത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനാണ് ഈ കൗമാരതാരത്തിന്റെ റോള്‍ മോഡല്‍. അഫ്ഗാനിലെ പക്ത്വിയ പ്രവിശ്യയില്‍ നിന്ന് വരുന്ന താരത്തിന്റെ ഉയരം ആറടി രണ്ടിഞ്ചാണ്. തുടക്കത്തില്‍ ഫാസ്റ്റ് ബൗളര്‍ ആയിരുന്നെങ്കിലും പിന്നീട് സ്പിന്നറാകുകയായിരുന്നു. കോച്ച് ദവ്‌ലത്ത് അഹമ്മദസിയുടെ ഉപദേശ പ്രകാരമായിരുന്നു ഇത്.

അഫ്ഗാനിസ്ഥാനില്‍ നടന്ന ജൂണിയര്‍ ക്രിക്കറ്റ് ലീഗുകളില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള താരത്തിന്റെ ആഗ്രഹം ദേശീയ ടീമിനായി കളിക്കുകയെന്നതാണ്. ഐപിഎല്ലില്‍ കളിക്കുക വഴി ആ സ്വപ്‌നത്തിലേക്ക് എത്തുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ഇന്ത്യയില്‍ കളിക്കുന്നതിന്റെ പരിചയസമ്പത്ത് ഭാവിയില്‍ തുണയാകുമെന്ന പ്രതീക്ഷയും യുവതാരത്തിനുണ്ട്.

Related Articles

Back to top button