ISLTop Stories

ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ മേധാവിത്വം നല്‍കുന്നത് ആ ‘മൂന്ന് ‘ വലിയ കാര്യങ്ങള്‍!!

അങ്ങനെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സ്വന്തം തട്ടകത്തില്‍ ഐഎസ്എല്ലില്‍ പന്തു തട്ടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്്‌സ്. ആരാധകരുടെ മുന്നില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശവും ആത്മവിശ്വാസവും ടീമിനും കളിക്കാര്‍ക്കുമുണ്ട്. കഴിഞ്ഞ സീസണിലെ നല്ല ഓര്‍മകള്‍ ഇത്തവണ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സപ്പ് സ്ഥാനത്തു നിന്നും സ്വന്തം തട്ടകത്തിലേക്ക് എത്തുമ്പോള്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സി ഗുണം ചെയ്യുന്ന മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ നോക്കാം.

ലൂണയുടെ ചിരിയും നായകത്വവും

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ വിജയങ്ങളുടെ ക്രെഡിറ്റ് അഡ്രിയാന്‍ ലൂണയെന്ന ടീം പ്ലയറില്‍ ചുറ്റിപ്പറ്റിയാണ്. ഒറ്റയ്ക്ക് എതിരാളികളെ വട്ടംകറക്കാനും സ്വന്തം ടീമിനെ ഉന്നതിയിലേക്ക് നയിക്കാനും ലൂണയ്ക്ക് സാധിച്ചു. സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമിനായി കളിക്കുന്ന താരമാണ് ഈ ഉറുഗ്വെക്കാരന്‍. അല്‍വാരോ വാസ്‌കസും പെരേരിയ ഡയസും ടീം വിട്ടപ്പോഴും ആരാധകര്‍ കാര്യമായി നിരാശപ്പെടാത്തതിന് കാരണം ലൂണ ഇവിടെ നിലനില്‍ക്കുന്നുവെന്നത് കൊണ്ടാണ്.

ഐഎസ്എല്ലില്‍ ഇത്രയും തിളങ്ങിയ ലോക ലീഗുകളില്‍ മിന്നിയ താരത്തിന്റെ സാന്നിധ്യം ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്‍കുന്ന മുന്‍തൂക്കം വളരെ വലുതാണ്. മറ്റ് വിദേശ താരങ്ങളെയും ടീമിലെ ഇന്ത്യന്‍ യുവതാരങ്ങളെയും പ്രചോദിപ്പിക്കാന്‍ കഴിയുന്ന താരം കൂടിയാണ് അദേഹം. ഡ്രെസിംഗ് റൂമില്‍ ലൂണയെ പോലെ ചിരിച്ചു കൊണ്ട് സമ്മര്‍ദങ്ങളെ നേരിടുന്ന താരങ്ങള്‍ ഏതൊരു ടീമിനും മുതല്‍ക്കൂട്ടാണ്.

ഇവാനെന്ന മാന്ത്രികന്റെ സാന്നിധ്യം

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇവാന്‍ വുക്കുമനോവിച്ച് എന്ന കോച്ച് ഒരു മാന്ത്രികന്‍ തന്നെയാണ്. ക്ലബില്‍ വന്നുപോയ ഒരു ഡസനില്‍ അടുത്തു വരുന്ന ചെറുതും വലുതുമായ പരിശീലകര്‍ക്ക് സാധിക്കാത്ത കാര്യങ്ങളാണ് കേവലം ഒരു സീസണില്‍ അദേഹം ചെയ്തു കൂട്ടിയത്. എല്ലാ സീസണുകളിലും പുതു കോച്ചിന്റെ കീഴില്‍ കളിക്കാനിറങ്ങേണ്ട ഗതികേടിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ഇത്തവണ ഒരു തുടര്‍ച്ചയുണ്ടായി.

ഒരു ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാള്‍ കോച്ച് തന്നെയാണ്. ഇത്തവണ പരിശീലകന്റെ കാര്യത്തില്‍ തുടര്‍ച്ചയുണ്ടായത് ടീമിനാകെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. കാരണം, ഇത്തവണ കളിക്കാര്‍ക്ക് കോച്ചിനെ നല്ല പരിചയമുണ്ട്. അവരിലൊരാളായി കോച്ച് മാറിയിരിക്കുന്നു. മുന്‍പൊക്കെ സീസണ്‍ പകുതി ആകുമ്പോഴായിരിക്കും കോച്ചും കളിക്കാരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കാകുക. അപ്പോഴേക്കും ഒന്നുകില്‍ സീസണ്‍ അവസാനിച്ചിരിക്കും. അല്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ മണ്ണടിഞ്ഞിരിക്കും. ഇത്തവണ അങ്ങനെയൊരു ടെന്‍ഷന്റെ ആവശ്യമേയില്ല.

ഹോം ടര്‍ഫ് എന്ന ആയുധം

കൊച്ചിയിലെ മൈതാനത്തെ പുല്ലുകള്‍ പോലും പോലും എതിരാളികള്‍ക്ക് അസ്വസ്ഥത സമ്മാനിക്കുന്നതാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാകില്ല. കാരണം, ആര്‍പ്പു വിളിക്കുന്ന ഗ്യാലറികള്‍ക്കൊപ്പം ഈ പുല്‍മൈതാനവും എതിര്‍ ടീമിനാകെ പകരുന്നൊരു അസ്വസ്ഥത തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു അഡ്വാന്റേജ്. ഫുട്‌ബോളില്‍ എതിര്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ക്കു പോലും അടിതെറ്റുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

ഇത്തവണ സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തിയത് ബ്ലാസ്‌റ്റേഴ്‌സിന് സമ്മാനിക്കുന്ന മേധാവിത്വം വളരെ വലുതാണ്. സുനില്‍ ഛേത്രിയും സന്ദേശ് ജിങ്കനുമൊക്കെ ഇക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. 45,000 ത്തോളം വരുന്ന ആരാധകരുടെ ആര്‍പ്പുവിളികള്‍ ടീമിന് ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. എന്തായാലും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് തെറ്റല്ലാത്തൊരു മുന്‍തൂക്കം ഉണ്ടെന്ന് പറഞ്ഞാല്‍ അത് വാസ്തവവിരുദ്ധമാകില്ല.

Related Articles

Back to top button