ISL

ബ്ലാസ്റ്റേഴ്‌സിനെതിരേ പ്രതികാര നടപടി തുടങ്ങി! അടുത്തത് ഗ്യാലറി പരിശോധന?

കോരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഉദ്യോഗസ്ഥ തലത്തില്‍ പ്രതികാര നടപടികള്‍ നടക്കുന്നതായി സ്‌പോര്‍ട്‌സ് ക്യൂ അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം ബസിന്റെ ഫിറ്റ്‌നസ് അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. വിനോദ നികുതി വിഷയത്തില്‍ കൊച്ചി കോര്‍പറേഷനും ക്ലബിനെതിരേ നീക്കം തുടങ്ങിയിട്ടുണ്ട്.

ലഭിക്കുന്ന വിവരം അനുസരിച്ച് ക്ലബിനെതിരേ അടുത്ത നീക്കവും തുടങ്ങിയിട്ടുണ്ട്. ഇത് സ്റ്റേഡിയത്തിലെ സൗകര്യവുമായി ബന്ധപ്പെട്ടാണെന്നാണ് ലഭിക്കുന്ന സൂചന. ഗ്യാലറിയില്‍ കാണികള്‍ക്ക് ആവശ്യത്തിന് സൗകര്യമില്ലെന്ന് ആരോപിച്ച് പരിശോധന നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ചില ഉദ്യോഗസ്ഥരെയും നേതാക്കളെയും തൃപ്തിപ്പെടുത്തിയില്ലെന്ന കാരണമാണ് ക്ലബിനെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങളുടെ കൂടുതല്‍ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാത്തതിനാല്‍ ചില ഉന്നത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ രോഷമാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്. കൗതുകകരമായ കാര്യമെന്തെന്നു വച്ചാല്‍ ഇടതും വലതുമെല്ലാം ക്ലബിന് പണി കൊടുക്കാന്‍ രാഷ്ട്രീയം മറന്ന് മുന്നിലുണ്ടെന്നതാണ്.

കേരളത്തില്‍ ഫുട്‌ബോള്‍ വീണ്ടും പച്ചപിടിച്ചു വരുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇത്തരത്തില്‍ മോശം മനോഭാവത്തോടെ ചിലര്‍ ഇറങ്ങുന്നത് ശരിയായ രീതിയല്ല. ഫുട്‌ബോളിനെ വീണ്ടും കൊല്ലാന്‍ മാത്രമേ ഇതു വഴിയൊരുക്കുകയുള്ളൂ.

Related Articles

Back to top button