ISLTop Stories

ബ്ലാസ്റ്റേഴ്‌സിനെ ചതിച്ച റഫറി സ്ഥിരം പ്രശ്‌നക്കാരന്‍!!

ഒരുമാസം മുമ്പ് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറാന്‍ഡോ അതിരൂക്ഷമായി വിമര്‍ശിച്ച ഒരു റഫറിയുണ്ടായിരുന്നു. മറ്റാരുമല്ല, രാഹുല്‍ കുമാര്‍ ഗുപ്ത. അതേ, കേരള ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെ ചതിച്ച അതേ റഫറി തന്നെ. അന്ന് ഹൈദരാബാദിനെതിരേ മോഹന്‍ ബഗാന്‍ കളിച്ചപ്പോള്‍ പിറന്നതും ഇതേ 2-2 സ്‌കോര്‍. അന്ന് 90 മിനിറ്റിനുശേഷമായിരുന്നു ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. ആ മത്സരത്തിനുശേഷം റഫറി രാഹുല്‍ ഗുപ്തയ്‌ക്കെതിരേ പൊട്ടിത്തെറിച്ചാണ് എടികെ കോച്ച് കളംവിട്ടത്. മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ റഫറിക്കെതിരേ പൊട്ടിത്തെറിച്ച എടികെ കോച്ച് ഇന്ന് അതേ റഫറിയുടെ കാരുണ്യത്താല്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഐഎസ്എല്ലിലെ ഏറ്റവും മോശം റഫറിയെന്നുപോലും രാഹുല്‍ ഗുപ്തയെ വിശേഷിപ്പിക്കാന്‍ പറ്റില്ല. റഫറിയാക്കാനേ കൊള്ളില്ലാത്തയാളെന്ന് പറയുന്നതാകും ശരി.

ഇതേ രാഹുല്‍ ഗുപ്തയ്‌ക്കെതിരേ കൊല്‍ക്കത്തയിലെ മറ്റൊരു വമ്പന്മാരായ ഈസ്റ്റ് ബംഗാളും നേരത്തെ രൂക്ഷമായ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു ആ സംഭവം. ചെന്നൈയ്ന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ചെന്നൈ താരം മെമോ ഈസ്റ്റ് ബംഗാളിന്റെ ബ്രൈറ്റ് എനോബക്കരെയുടെ കണ്ണില്‍ കുത്തിയത് കാണാതെ ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് നല്കിയതാണ് അവരെ ചൊടിപ്പിച്ചത്. മറ്റൊരു ഗുരുതര ആരോപണം കൂടി രാഹുല്‍ ഗുപ്തയ്‌ക്കെതിരേയുണ്ട്. ഫിഫ റഫറി പാനലില്‍ നിന്ന് ഒഴിവാക്കിയ ഇയാളെ സംഘാടകര്‍ ഐഎസ്എല്‍ നിയന്ത്രിക്കാന്‍ ഉള്‍പ്പെടുത്തിയെന്നതാണത്. ഇക്കാര്യത്തില്‍ പക്ഷേ വ്യക്തത ഇനിയും വരേണ്ടതുണ്ട്.

എന്തായാലും എടികെ- ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ റഫറിയുടെ നിലപാടുകള്‍ പക്ഷപാതിത്വം നിറഞ്ഞതായിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പലകുറി എടികെ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരെ ഫൗള്‍ ചെയ്തപ്പോഴും കണ്ടഭാവം നടിച്ചില്ല രാഹുല്‍ ഗുപ്ത. ബ്ലാസ്റ്റേഴ്‌സിന്റെ ചെറിയ ഫൗളുകള്‍ക്കുപോലും കാര്‍ഡുകള്‍ വാശിതീര്‍ക്കുംപോലെ നല്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനെ തോല്പിക്കണമെന്ന വാശിയോടെ കളിച്ച എടികെയെക്കാള്‍ ആവേശം രാഹുല്‍ ഗുപ്തയെന്ന പന്ത്രണ്ടാമനായിരുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ രീതിയിലാണ് റഫറിമാര്‍ പെരുമാറുന്നതെങ്കില്‍ ഐഎസ്എല്‍ ലോകഫുട്‌ബോളില്‍ ഇന്ത്യയെ നാണംകെടുത്തുന്ന കാഴ്ച്ചയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. റഫറിയോടും എടികെയോടും തോല്ക്കാന്‍ മനസില്ലാതെ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ആയിരം അഭിവാദ്യങ്ങള്‍. തോല്ക്കാന്‍ മനസില്ലാത്തവരെ കീഴടക്കാന്‍ ലോകം മുഴുവനും എതിരുനിന്നാലും സാധിക്കില്ലെന്ന് പറഞ്ഞു നിര്‍ത്തുന്നു. റഫറിയുടെ നിലപാടുകളെക്കുറിച്ച് നിങ്ങള്‍ക്കും പ്രതികരണങ്ങള്‍ കമന്റായി രേഖപ്പെടുത്താം.

Related Articles

Leave a Reply

Back to top button