Cricket

ധോണി കാണിച്ചത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തി!! സൂപ്പര്‍താരത്തിനെതിരേ വിമര്‍ശനം രൂക്ഷം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് അവസാന മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേഓഫിലെത്താതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

പ്ലേ ഓഫില്‍ കടക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്ത് സീസണിലെ ഏറ്റവും വലിയ സിക്‌സറിനു പറത്തിയ മുന്‍ നായകന്‍ എംഎസ് ധോണി ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണി പോയതോടെ കളി ചെന്നൈ കൈവിടുകയായിരുന്നു. പിന്നീടുള്ള നാലു പന്തുകളില്‍ വെറും ഒരു റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

എന്നാല്‍ മത്സരശേഷം റോയല്‍ ചലഞ്ചേഴ്സ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ട് വിട്ടതാണ് ഏവരെയും അമ്പരപ്പിച്ചത്. സൂപ്പര്‍താരത്തിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് രംഗത്തു വന്നത്.


ഒരു മുതിര്‍ന്ന താരമായ ധോണി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ലെന്നാണ് മിക്കവരും പറയുന്നത്. ഇത് താരത്തിന്റെ കുള്‍ സ്വഭാവത്തോട് ചേരുന്നതല്ലെന്നും ധോണിയെവിടെയെന്ന് വിരാട് കോഹ്ലി അന്വേഷിച്ചതായും ചിലര്‍ പറയുന്നു.

ഇതിഹാസ താരത്തിനെ ബഹുമാനിക്കാനുള്ള ആര്‍സിബി താരങ്ങളുടെ അവസരമാണ് ധോണി നിഷേധിച്ചതെന്ന് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ പറഞ്ഞു.


മത്സരത്തിലുണ്ടാകുന്ന വാശിയും ആക്രമണോത്സുകതയും ഗ്രൗണ്ടില്‍ തന്നെ അവസാനിക്കുന്നുവെന്നതിന്റെ അടയാളമാണ് ഹസ്തദാനമെന്നും വോണ്‍ വ്യക്തമാക്കി.

അതേ സമയം മത്സരം പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ ധോണി മാറി നിന്നതാവാമെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.

Related Articles

Back to top button