ISLTop Stories

കളത്തിലിറങ്ങാതെയും നേട്ടം കൊയ്യുന്ന ബ്ലാസ്റ്റേഴ്‌സ്!!

ഐഎസ്എല്ലില്‍ സംഭവിക്കുന്ന ഏതൊരു സമനിലയും ഏറ്റവും സന്തോഷം പകരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. ഞായറാഴ്ച്ചത്തെ ഡബിള്‍ ഹെഡ്ഡറില്‍ രണ്ടും സമത്തില്‍ പിരിഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഡബിള്‍ ഹാപ്പി. അതിലൊന്ന് എടികെ മോഹന്‍ ബഗാനായതോടെ വുക്കുമനോവിച്ചിന്റെയും സംഘത്തിന്റെയും ഒന്നാംസ്ഥാനത്തിനുള്ള ഭീഷണിയും തത്ക്കാലം ഒഴിഞ്ഞു. എതിര്‍ടീമുകള്‍ തമ്മില്‍ പരസ്പരം മത്സരിക്കുമ്പോള്‍ പരമാവധി സമനിലകള്‍ വരുന്നത് കേരളത്തിന് ഗുണകരമാണ്. പോയിന്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതുവഴി ബ്ലാസ്റ്റേഴ്‌സിലേക്കുള്ള അവരുടെ ദൂരവും കൂടുകയാണ്.

ഞായറാഴ്ച്ച നടന്ന ആദ്യ മത്സരത്തിലെ കാര്യമെടുക്കാം. ഈ മത്സരത്തില്‍ ഗോവയോ ബെംഗളൂരുവോ ജയിച്ചിരുന്നെങ്കില്‍ ജയിക്കുന്ന ടീമിന് 16 പോയിന്റായി മാറിയേനെ. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് യാത്രയില്‍ അതു കുറച്ചുകൂടി പ്രശ്‌നം സൃഷ്ടിച്ചേനെ. എന്നാല്‍ സുനില്‍ ഛേത്രിയുടെ അവസാന മിനിറ്റിലെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയതോടെ ജയമെന്ന ബെംഗളൂരു സ്വപ്‌നം അവസാനിച്ചു. ഇതോടെ ഇരുടീമുകള്‍ക്കും 14 പോയിന്റ് വീതമായി. ബെംഗളൂരുവിന് 12 കളിയില്‍ നിന്നാണ് ഇത്രയും പോയിന്റെങ്കില്‍ ഗോവയ്ക്കത് 13 മത്സരങ്ങളില്‍ നിന്നാണ്. ബ്ലാസ്‌റ്റേഴ്‌സും ഈ ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഉയരുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സിന് ഞായറാഴ്ച്ച കൂടുതല്‍ സന്തോഷം പകര്‍ന്നത് എടികെയുടെ റിസല്‍ട്ടാണെന്ന് പറയാം. ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് വരാനുള്ള അവസരമാണ് അവര്‍ക്ക് നഷ്ടമായത്. അങ്ങനെ സംഭവിച്ചിരുന്നേല്‍ അത് ബ്ലാസ്റ്റേഴ്‌സിനും വലിയ ഭീഷണിയായേനെ. നിലവില്‍ ഏഴാംസ്ഥാനത്താണെങ്കിലും വെറും 10 മത്സരം മാത്രമേ അവര്‍ കളിച്ചിട്ടുള്ളൂ. 16 പോയിന്റും അവര്‍ക്ക് സ്വന്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ എടികെയുടെ ഏതൊരു സമനിലയും ബ്ലാസ്‌റ്റേഴ്‌സിന് ജയം പോലെ തന്നെയാണ്. പ്ലേഓഫിലേക്കുള്ള യാത്രയില്‍ ഏറ്റവും വെല്ലുവിളിയാകുക മുംബൈയും എടികെയുമാകും. കാരണം ഈ ടീമുകളാണ് കൂടുതല്‍ സ്ഥിരതയോടെ കളിക്കുന്ന ടീമുകള്‍. എന്തായാലും കൂടുതല്‍ കൂടുതല്‍ സമനിലകള്‍ വരുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ഗുണം മാത്രമേ ചെയ്യൂ. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം ഞായറാഴ്ച്ച ബെംഗളൂരുവിനെതിരേയാണ്. ഈ മത്സരത്തിനു മുമ്പ് കോവിഡ് ബാധിതരായിരുന്ന കളിക്കാരെല്ലാം നെഗറ്റീവായി ടീമിനൊപ്പം ചേരും. സമ്പൂര്‍ണ ടീമിനെ തന്നെ അണിനിരത്താന്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് സാധിക്കും.

Related Articles

Leave a Reply

Back to top button