ISLTop Stories

ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം മാറ്റിവച്ചെന്നത് വ്യാജപ്രചരണം

ഐഎസ്എല്ലിലെ ടീമുകള്‍ക്കിടയില്‍ കോവിഡ് ഒന്ന് അടങ്ങി വരുന്നതേയുള്ളൂ. എങ്കിലും ഇപ്പോഴും ചെന്നൈയ്ന്‍, കേരള ബ്ലാസ്റ്റേഴ്സ് ക്യാംപുകളിലൊക്കെ കോവിഡ് ഉണ്ട്. ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഇതുവരെ നെഗറ്റീവായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അദേഹത്തിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നെങ്കിലും പിന്നീട് വീണ്ടും പോസിറ്റീവായി. അടുത്ത ഞായറാഴ്ച്ച ബെംഗളൂരുവിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്. ഈ അവസ്ഥയില്‍ ടീമിന്റെ കളി മാറ്റിവയ്ക്കുമെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ്. ബുധനാഴ്ച്ച രാവിലെ വരെ അഞ്ചുപേര്‍ മാത്രമാണ് ഇപ്പോഴും പോസിറ്റീവായി തുടരുന്നത്. ബാക്കിയുള്ളവരെല്ലാം പരിശീലനത്തിനായി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞായറാഴ്ച്ചത്തെ മത്സരം കളിക്കാനുള്ള താരങ്ങളെ ലഭ്യമാണ്. പരിശീലകന് കോവിഡാണെന്നത് മത്സരം മാറ്റിവയ്ക്കാനുള്ള കാരണമല്ല.

ഇനിയുള്ള മത്സരങ്ങളിലൊന്നും മാറ്റിവയ്ക്കല്‍ കൂടുതലായി ഉണ്ടാകാനിടയില്ല. കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 27ന് ആരംഭിക്കും. അതിനുമുമ്പ് ഐഎസ്എല്‍ തീര്‍ക്കുകയെന്നതാണ് സംഘാടകരുടെ ലക്ഷ്യം. പ്ലേഓഫ്, ഫൈനല്‍ തിയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ ഫൈനല്‍. ഇപ്പോള്‍ തന്നെ കുറച്ചേറെ മത്സരങ്ങള്‍ പുന:ക്രമീകരിക്കേണ്ടതുണ്ട്. മാറ്റിവച്ച ഈ മത്സരങ്ങളെല്ലാം ഡബിള്‍ ഹെഡ്ഡറായി നടത്താന്‍ പറ്റില്ല. കാരണം ലീഗിന്റെ രണ്ടാംഘട്ടത്തിലെ ഫിക്സ്ചറില്‍ ടീമുകള്‍ക്ക് മത്സര ഇടവേള കുറവാണ്. അതുകൊണ്ട് തന്നെ ഇനി മാറ്റിവച്ചാലും അതു നടത്തി തീര്‍ക്കാനുള്ള സമയം ലഭിക്കില്ല. കോവിഡിന്റെ വലിയ ഭീതി ഒഴിഞ്ഞതുകൊണ്ട് തന്നെ മത്സരങ്ങള്‍ മുന്‍നിശ്ചയപ്രകാരം നടത്താനാണ് സംഘാടകരുടെ പദ്ധതി.

ബെംഗളൂരുവിനെതിരേ ഞായറാഴ്ച്ചത്തെ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ച മത്സരവുമായുള്ള ഇടവേള 18 ദിവസമാണ്. ഇത്രയും നീണ്ട ഇടവേളയില്‍ ഒരിക്കല്‍പ്പോലും മത്സരിക്കാനിറങ്ങേണ്ടി വന്നിട്ടില്ല ടീമിന് ഇതുവരെ. മികച്ച ഫോമില്‍ നില്ക്കുന്ന ടീമിന് ഈ ഇടവേള തിരിച്ചടിയാകുമോയെന്ന ആശങ്ക ആരാധകര്‍ക്ക് ഇല്ലാതില്ല. എന്നാല്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചും കളിക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയിച്ച് ഒന്നാംസ്ഥാനം വീണ്ടെടുക്കുകയാണ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ ലക്ഷ്യം. നിലവില്‍ ഹൈദരാബാദാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. പക്ഷേ അവര്‍ ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button