Cricket

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയുമായി എസ്‌റ്റോണിയന്‍ താരം !! അടിച്ചു കൂട്ടിയത് 18 സിക്‌സറുകള്‍

സൈപ്രസിനെതിരായ ട്വന്റി20 മത്സരത്തില്‍ ലോക റെക്കോഡുകള്‍ കടപുഴക്കി എസ്‌റ്റോണിയന്‍ താരം സാഹില്‍ ചൗഹാന്‍.

ട്വന്റി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡ് നേടിയ താരം മത്സരത്തിലുടനീളമായി 18 സിക്‌സറുകളാണ് പറത്തിയത്. ഇതോടെ ഒരു രാജ്യാന്തര ട്വന്റി20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡും സാഹിലിന് സ്വന്തമായി.

സൈപ്രസ് ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ എസ്റ്റോണിയക്കായി 41 പന്ത് നേരിട്ട താരം പുറത്താകാതെ 144 റണ്‍സാണ് നേടിയത്. 351.22 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

18 സിക്സറിന് പുറമെ ആറ് ഫോറും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

27-ാം പന്തില്‍ നൂറ് കടന്ന താരം ട്വന്റി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡും തന്റെ പേരിലെഴുതി. ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ 30 പന്തില്‍ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് സാഹില്‍ മറികടന്നത്.

നേപ്പാളിനെതിരേ 33 പന്തില്‍ സെഞ്ചുറി നേടിയ നമീബിയന്‍ താരം യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്റെ രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡും മറികടക്കാന്‍ സാഹിലിനായി.

ഒരു ട്വന്റി20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ എന്ന ക്രിസ് ഗെയിലിന്റെ റെക്കോഡിനൊപ്പവും താരം എത്തി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്സിനെതിരെ രംഗപൂര്‍ റൈഡേഴ്സിന് വേണ്ടിയാണ് ഗെയ്ല്‍ ഒരു മത്സരത്തില്‍ 18 സിക്സറടിച്ചത്.

അതേസമയം രാജ്യാന്തര ട്വന്റി20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡും താരത്തിനു സ്വന്തമായി. 16 സിക്‌സര്‍ വീതം നേടിയ അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസായി, ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ എന്നിവരുടെ റെക്കാഡാണ് സാഹിലിനു മുമ്പില്‍ പഴങ്കഥയായത്.

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റിലെ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്സിനെതിരെ രംഗപൂര്‍ റൈഡേഴ്സിന് വേണ്ടിയാണ് ഗെയ്ല്‍ ഒരു മത്സരത്തില്‍ 18 സിക്സറടിച്ചത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൈപ്രസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.17 പന്തില്‍ 44 റണ്‍സ് നേടിയ തരണ്‍ജിത് സിങ്ങാണ് അവരുടെ ടോപ് സ്‌കോറര്‍.

എസ്റ്റോണിയക്കായി ക്യാപ്റ്റന്‍ അര്‍സ്ലന്‍ അംജദ് ഗോണ്ടല്‍, പ്രണയ് ഘീവാല എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റെഫാന്‍ ലെസി ഗൂച്ച് ഒരു വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്റ്റോണിയയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഒറ്റയക്കത്തിനാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഗോണ്ടല്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ അലി മസൂദ് മൂന്ന് പന്തില്‍ ഒരു റണ്ണും സ്റ്റുവര്‍ട്ട് ഹുക്ക് 12 പന്തില്‍ ഏഴ് റണ്‍സും നേടി മടങ്ങി.

നാലാം നമ്പറിലാണ് ചൗഹാന്‍ ക്രീസിലെത്തിയത്. ശേഷം നടന്നത് ഒരു ബാറ്റിംഗ് വിസ്‌ഫോടനം തന്നെയായിരുന്നു.
അഞ്ചാം നമ്പറിലെത്തിയ ലെസി ഗൂച്ച് മൂന്ന് റണ്ണിന് പുറത്തായപ്പോള്‍ ബിലാല്‍ മസൂദ് 16 പന്തില്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്നു.


ഒടുവില്‍ 13 ഓവറില്‍ എസ്റ്റോണിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആറു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയിക്കാന്‍ ഇതോടെ എസ്‌റ്റോണിയയ്ക്കായി.

Related Articles

Back to top button