ISLTop Stories

സുഹൈറിനെ റാഞ്ചാന്‍ ബ്ലാസ്‌റ്റേഴ്‌സ്! ഒപ്പമൊരു ഡിഫന്‍ഡറും

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകര്‍ത്തു കളിച്ച മലയാളി താരം വി.പി. സുഹൈറിനെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. ടൈംസ് ഓഫ് ഇന്ത്യ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മര്‍ക്കസ് മെര്‍ഗുലെഹോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ സുഹൈര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റവും കുറിച്ചിരുന്നു. എന്നാല്‍ സുഹൈറിനെ ടീമിലെത്തിക്കുക ബ്ലാസ്‌റ്റേഴ്‌സിന് അത്ര എളുപ്പമാകില്ല. നോര്‍ത്ത് ഈസ്റ്റ് വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണെന്നത് തന്നെ കാരണം.

നോര്‍ത്ത് ഈസ്റ്റിനായി നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും നല്‍കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു. ടീം ആകെ മൊത്തം ശോകം ആയിരുന്നെങ്കിലും സുഹൈര്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് നടത്തിയത്. ചെന്നൈയ്ന്‍ എഫ്‌സി അടക്കമുള്ള ടീമുകളും സുഹൈറിന് പിന്നാലെയുണ്ട്. ഗോകുലം കേരള, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി കളിക്കുന്ന ഒരു പ്രതിരോധ താരത്തെയും ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അതേസമയം, അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മറ്റ് ക്ലബുകളിലേക്ക് മാറാനുള്ള താല്‍പ്പര്യവുമായി രണ്ട് ഇന്ത്യന്‍ താരങ്ങള്‍. വിന്‍സി ബാരെറ്റോയും നിഷു കുമാറുമാണ് അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍. രണ്ടുപേരും തങ്ങളുടെ മനസിലിരുപ്പ് മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ഇരുവരും ടീമില്‍ ഉണ്ടാകണമെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും എസ്ഡിക്കും താല്‍പ്പര്യമുണ്ടെങ്കിലും കളിക്കാരുടെ ഇഷ്ടത്തിന് എതിരു നില്‍ക്കേണ്ടെന്ന അഭിപ്രായമാണുള്ളത്.

കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയ ശേഷം പലപ്പോഴും പരിക്കിന്റെ പിടിയിലുള്ള നിഷുവിന് ഇക്കഴിഞ്ഞ സീസണിലും പലപ്പോഴും സൈഡ് ബെഞ്ചില്‍ കൂടുതല്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അടുത്ത സീസണിലും ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. മറ്റ് ഐഎസ്എല്‍ ക്ലബുകളും നിഷുവില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ നിഷു ടീമിലുണ്ടാകാന്‍ സാധ്യത കുറവാണ്.

Related Articles

Leave a Reply

Back to top button