ISL

ഇങ്ങനെയൊരു മല്‍സരമാകും കൊച്ചിയില്‍ കളിക്കേണ്ടതെന്ന് ഡയസ് കരുതിയിരുന്നില്ല!

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ കുതിപ്പിന്റെ പ്രധാന എന്‍ജിനുകളിലൊന്നായിരുന്നു പെരേരിയ ഡയസ് എന്ന മിന്നല്‍പോരാളി. പുതിയ സീസണിലും ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകില്ലെന്ന് പറഞ്ഞ് ഇന്ത്യ വിട്ട ഡയസ് തിരികെയെത്തിയത് പക്ഷേ മുംബൈ താരമായിട്ടാണെന്ന് മാത്രം. ഇത്തവണ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ കളിക്കണമെന്ന് കഴിഞ്ഞ തവണ പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആഗ്രഹം പോലെ കൊച്ചിയില്‍ കളിക്കാന്‍ ഇങ്ങോട്ടേക്ക് വരാനും സാധിച്ചു. പക്ഷേ ആ വരവ് അത്ര സുഖകരമായിരിക്കില്ല. ആര്‍പ്പു വിളിക്കുന്ന ആരാധകര്‍ക്ക് മുന്നിലെത്താന്‍ കൊതിച്ച ഡയസിനെ കാത്തിരിക്കുന്നത് തനിക്കെതിരായ എതിര്‍ ചാന്റുകളാകും. സി.കെ വിനീതും സുഹൈറും ആഷികും എല്ലാം നേരിടേണ്ടതില്‍ വച്ചേറ്റവും വലിയ ചാന്റുകളാകും ഡയസിനെ കാത്തിരിക്കുന്നത്.

ഇന്ന് മുംബൈ നിരയില്‍ ഏറ്റവും സമ്മര്‍ദത്തില്‍ കളിക്കുന്നൊരു താരവും ഡയസ് തന്നെയാകും. ഡയസ് കളത്തിലിറങ്ങുന്ന സമയം മുതല്‍ ചാന്റുകളുമായി താരത്തെ നേരിടാനാണ് ആരാധകര്‍ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഡയസിന് അത്ര സുഖകരമായ നിമിഷങ്ങളായിരിക്കില്ല കൊച്ചി നല്‍കുന്നതെന്ന് ഉറപ്പാണ്.

Related Articles

Back to top button