ISL

12 തവണ പ്രോ കബഡി പരസ്യം, ക്രിക്കറ്റ് ലോകകപ്പ് 8 പ്രാവശ്യം; ഐഎസ്എല്‍ പരസ്യം കാണാനില്ല!!

സ്റ്റാര്‍ സ്‌പോര്‍ട്‌സ് എങ്ങനെയാണ് ഐഎസ്എല്ലിനെ ട്രീറ്റ് ചെയ്യുന്നതെന്നറിയാനുള്ള ഒരു ശ്രമമായിരുന്നു ഇന്നത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം. രാത്രി 7 മുതല്‍ 8 മണി വരെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ചാനല്‍ ഒരു നിമിഷം പോലും മാറ്റാതെ കണ്ടു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ആയതിനാലും ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇല്ലാത്തതിനാലും പരസ്യങ്ങള്‍ തീരെ കുറവായിരുന്നു.

ഓരോ ഓവറിനിടെയിലും ഒരു പരസ്യത്തില്‍ കൂടുതല്‍ പുറമേ നിന്നുള്ളത് ഇല്ലായിരുന്നു. പലപ്പോഴും തങ്ങള്‍ക്ക് തല്‍സമയ സംപ്രേക്ഷണമുള്ള ഇവന്റുകളുടെ പരസ്യമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇടവേളകളില്‍ കാണിച്ചു കൊണ്ടിരുന്നത്. ഇത്തരത്തില്‍ പരസ്യം ഏറെയും പ്രോ കബഡി ലീഗിന്റേതായിരുന്നു. ഒരു മണിക്കൂറിനിടെ 12 തവണ പ്രോ കബഡി പരസ്യം മിന്നിമറഞ്ഞു.

ഐസിസി ട്വന്റി-20 ലോകകപ്പിന്റെ പരസ്യവും കുറവില്ലായിരുന്നു. 8 തവണ ലോകകപ്പിന്റെ പരസ്യം കാണിച്ചു. 7 തവണയും ഇന്ത്യ-പാക് മല്‍സരത്തിന്റെ ആവേശം പകരുന്നതായിരുന്നു പരസ്യം. ഇതിനിടയ്ക്ക് ഒരിക്കല്‍ പോലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പരസ്യം കാണിച്ചില്ലെന്നത് അത്ഭുതപ്പെടുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കൈവശമുള്ള ഒരു ലീഗിന്റെ പരസ്യം കാണിക്കാന്‍ അവര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു ധാരണയും കിട്ടിയില്ല.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വരുമാനം ഏറെയും വരുന്നത് ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നാണ്. അതും ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കാണ് വരുമാനം ഏറെയും. ഇന്ത്യയിലെ മല്‍സരങ്ങളുടെ സംപ്രേക്ഷണ അവകാശം അവര്‍ എടുത്തിരിക്കുന്നത് കോടികള്‍ നല്‍കിയാണ്. ഒരുപക്ഷേ അതു തന്നെയാകും ഫുട്‌ബോളിനെ പരമാവധി അവഗണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും.

ഫുട്‌ബോളിന് കൂടുതല്‍ പ്രചാരണം ലഭിച്ചാല്‍ അത് ക്രിക്കറ്റില്‍ നിന്നുള്ള വരുമാനത്തെ കുറച്ചേക്കുമെന്ന ഭയം അവര്‍ക്ക് ഉണ്ടായേക്കാം. അതുകൊണ്ടാകും ഐഎസ്എല്ലിന് പരമാവധി അവഗണന കിട്ടാന്‍ കാരണം. മാത്രമല്ല, 2024 വരെ മാത്രമേ ഐഎസ്എല്ലുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന് കരാറുള്ളൂ. അതുകഴിയുമ്പോള്‍ റിലയന്‍സിന്റെ സ്‌പോര്‍ട്‌സ് ചാനലായ സ്‌പോര്‍ട്‌സ് 18 ല്‍ ആകും ഐഎസ്എല്‍ സംപ്രേക്ഷണം വരുക. ഇക്കാരണങ്ങളൊക്കെയാകും ചിലപ്പോള്‍ ഐഎസ്എല്ലിനെ അവഗണിക്കാനുള്ള കാരണം.

Related Articles

Back to top button