ISL

ലോകകപ്പ് ടീമിലേക്ക് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരവും? കിട്ടിയാല്‍ തലവേദന ഇവാനും!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ വിദേശ താരങ്ങളിലൊരാളെ ഇത്തവണ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ കാണാന്‍ സാധിക്കുമോ? അതിശയോക്തി പറയുന്നതാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. മഞ്ഞപ്പടയുടെ ഓസ്‌ട്രേലിയന്‍ മുന്നേറ്റക്കാരന്‍ അപ്പോസ്‌റ്റോലസ് ജിയാനുവിന്റെ സാധ്യതകളാണ് തുറന്നു കിടക്കുന്നത്.

അടുത്തയാഴ്ച്ചയാണ് ഓസ്‌ട്രേലിയ ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിക്കുന്നത്. ഈ ടീമില്‍ ജിയാനു കാണാനുള്ള സാധ്യതകള്‍ നേരിയതെങ്കിലും സാധ്യതകള്‍ അസ്തമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ലോകകപ്പ് യോഗ്യത റൗണ്ടില്‍ ജിയാനു ഓസ്‌ട്രേലിയയ്ക്കായി കളിച്ചിരുന്നു. അതുകൊണ്ട് തന്നെ സാധ്യത ടീമില്‍ വരാനുള്ള സാധ്യത തള്ളാറായിട്ടില്ല.

യോഗ്യത റൗണ്ടുകളില്‍ ഓസ്‌ട്രേലിയ ടീം ക്യാമ്പില്‍ ഉണ്ടായിരുന്നെങ്കിലും പരിക്ക് വില്ലനായി അവതരിച്ചതോടെയാണ് ജിയാനു ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ടീം ക്യാമ്പ് വിട്ടത്. പരിക്ക് കാരണം തനിക്ക് ഖത്തര്‍ ലോകകപ്പ് കളിക്കാനുള്ള ഓസ്‌ട്രേലിയ ടീമില്‍ ഇടം നേടാനുള്ള അവസരം നഷ്ടമായെന്നാണ് അപോസ്റ്റോലാസ് ജിയാനു ഇതിനെ കുറിച്ച് സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ജിയാനു ലോകകപ്പ് ടീമില്‍ ഇടംപിടിച്ചാല്‍ അഭിമാനത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സിനത് തലവേദയും സമ്മാനിക്കും. കാരണം, ലോകകപ്പ് ടീമിലേക്ക് പോകേണ്ടി വന്നാല്‍ ജിയാനുവിന്റെ സേവനം രണ്ടു മാസത്തേക്കെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമാകും. നവംബറില്‍ ലോകകപ്പ് നടക്കുന്നതിന് മുമ്പ് ഒരു മാസമെങ്കിലും പരിശീലന ക്യാംപ് ഉണ്ടാകുമെന്നത് തന്നെ കാരണം.

പരിക്ക് കഴിഞ്ഞ വര്‍ഷം വന്നില്ലായിരുന്നെങ്കില്‍ താന്‍ ഉറപ്പായും ലോകകപ്പ് കളിച്ചേനെയെന്ന് ജിയാനു തന്നെ പറയുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ സംഭവിച്ച പരിക്ക് കരിയറില്‍ വലിയൊരു അവസരം നഷ്ടമാക്കിയെന്നാണ് ജിയാനു പറയുന്നത്. സാധ്യത ടീം അടുത്തയാഴ്ച്ചയാണ് പ്രഖ്യാപിക്കുന്നത്.

Related Articles

Back to top button