ISL

ഭാഗ്യം മാറിമറിയാന്‍ 3 മിനിറ്റൊക്കെ ധാരാളം!! മൂന്നടിയിലെ ടേണിംഗ് പോയിന്റ്!

അത്രയും നേരം ഗോവയ്ക്ക് മുന്നില്‍ പേടിച്ചു വിറച്ചു കളിച്ച കുട്ടികളെ പോലെയായിരുന്നു മഞ്ഞ ജേഴ്‌സിയില്‍ പന്തുതട്ടിയവര്‍. എന്നാല്‍ ധീരജ് സിംഗിനെ കീഴടക്കി അഡ്രിയാന്‍ ലൂണ നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പന്ത് വലയിലേക്ക് തട്ടിയിട്ടതു മുതല്‍ അവര്‍ ചാമ്പ്യന്‍ ടീമിനെ പോലെയായി. ബാലികേറാമല പോലെ നിന്നിരുന്ന എഫ്‌സി ഗോവയെയും വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് അങ്ങനെ സീസണിലെ മൂന്നാം ജയവും ആഘോഷിച്ചു. കൊച്ചിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ രണ്ടാമത്തെയും. സ്‌കോര്‍ 3-1.

ലൂണ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ടീം പതിപതിയെ കഴിഞ്ഞ സീസണിലെ മിന്നും ഫോമിലേക്ക് ഉയരുന്നുവെന്ന സൂചനകള്‍ തന്നെയാണ് തണുപ്പ് കയറിയ കൊച്ചിയിലെ കളിമുറ്റത്ത് കണ്ടത്. നോര്‍ത്തീസ്റ്റിനെതിരേ ഗോളടിച്ച് കൂട്ടിയിരുന്നെങ്കിലും അത്ര സംതൃപ്തമായിരുന്നില്ല ആ മല്‍സരം. എന്നാല്‍ ഗോവയ്‌ക്കെതിരേ ആദ്യ ഗോള്‍ വീണ ശേഷം ചാമ്പ്യന്മാരെ പോലെ തന്നെയാണ് ആശാന്‍ വുക്കുമനോവിച്ചിന്റെ പിള്ളേര്‍ കത്തിക്കയറിയത്.

നോര്‍ത്തീസ്റ്റിനെതിരേ ജയിച്ചെങ്കിലും മല്‍സര ശേഷം നിരാശയോടെ മടങ്ങിയ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ മുഖത്ത് പത്തരമാറ്റ് സന്തോഷം തന്നെയാണ് ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ കണ്ടത്. ടീമില്‍ ഒത്തിണക്കത്തിന്റെ കൃത്യമായ ലക്ഷണങ്ങള്‍ ഈ മല്‍സരത്തില്‍ കാണാനായെന്നത് തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഗോവയെ പോലെ മുന്നേറ്റത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നൊരു ടീമിനെ കാര്യമായി ചലിക്കാന്‍ അനുവദിക്കാത്ത പ്രതിരോധ നിരയും കൈയടി നേടുന്നു.

ഓരോ മല്‍സരശേഷവും കൂടുതല്‍ കൂടുതല്‍ ഫോമിലേക്ക് ഉയരുന്ന രീതിയായിരുന്നു കഴിഞ്ഞ സീസണില്‍. ഇത്തവണയും അതേ രീതിയില്‍ ശരിയായ ട്രാക്കിലാണ് ടീം പോകുന്നതെന്ന് ഗോവയക്കെതിരായ മല്‍സരം അടിവരയിടുന്നു. മാനേജ്‌മെന്റിനെ സംബന്ധിച്ച് ഹോംഗ്രൗണ്ടില്‍ മല്‍സരം ജയിക്കാനായത് സന്തോഷത്തേക്കാള്‍ ഏറെ ആശ്വാസമാകും സമ്മാനിക്കുക. ഗ്യാലറികളിലെ ആരാധകരുടെ എണ്ണം കുറഞ്ഞു വരുന്ന പ്രവണത മാറ്റാന്‍ ഈ ജയം വഴിയൊരുക്കും.

പോയിന്റ് പട്ടികയിലേക്കും പോസിറ്റീവായി നോക്കാന്‍ ഗോവയ്‌ക്കെതിരായ പോരാട്ടം വഴിയൊരുക്കി. നിലവില്‍ താല്‍ക്കാലികമായെങ്കിലും ആദ്യ നാലില്‍ സ്ഥാനമുറപ്പിക്കാന്‍ ടീമിനായിട്ടുണ്ട്. 6 മല്‍സരങ്ങളില്‍ നിന്ന് നേടിയ മൂന്നു ജയങ്ങളില്‍ കിട്ടിയ 9 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെയുള്ള ഗോവയും ഒഡീഷയും ചെന്നൈയ്‌നും ഓരോ മല്‍സരങ്ങള്‍ കുറച്ചു മാത്രമാണ് കളിച്ചതെന്നതിനാല്‍ പോയിന്റ് പട്ടികയില്‍ അടുത്തയാഴ്ച്ച ബ്ലാസ്റ്റേഴ്‌സ് കുറച്ചുകൂടി പിറകില്‍ പോയേക്കാം.

നേരത്തെ നോര്‍ത്ത് ഈസ്റ്റിനെതിരെയ ഇറക്കിയ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സിനെ കോച്ച് ഇവാന്‍ വുകുമനോവിച്ച് ഗ്രൗണ്ടിലെത്തിച്ചത്. സൗരവ് മണ്ഡലിന് പകരം ഇന്നലെ സഹല്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചു. പ്രതിരോധത്തില്‍ ഹോര്‍മിപാം, സന്ദീപ് സിംഗ്, നിഷു കുമാര്‍, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരെത്തിയപ്പോള്‍ മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സീംഗ്, ഇവാന്‍ കലിയൂഷ്നി എ്ന്നിവരുമെത്തി. രാഹുല്‍, ദിമിത്രിയോസ് എന്നിവരായിരുന്നു മുന്നേറ്റനിരയില്‍.

4-2-3-1 ശൈലിയിലിറങ്ങിയ എഫ്സി ഗോവയില്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന അല്‍വാരോ വാസ്‌ക്വസ് ആദ്യ ഇലവനില്‍ ഇടം പിടിച്ചു. വാസ്‌ക്വസിനൊപ്പം ഐക്കര്‍ ഗരോത്ക്സേനയും മുന്നേറ്റത്തില്‍ വന്നു. ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ആയുഷ് ഛേത്രി, നോഹ സദാവോയി, എഡു ബെഡിയ എന്നിവരായിരുന്നു മധ്യനിരയില്‍. പ്രതിരോധത്തില്‍ അന്‍വര്‍ അലി, സെറിട്ടണ്‍ ഫെര്‍ണാണ്ടസ്, സേവിയര്‍ ഗാമ, ഐബന്‍ഭ ഡോഹ്ലിങ് എന്നിവരുമെത്തി.

Related Articles

Back to top button