ISL

ബ്ലാസ്‌റ്റേഴ്‌സ് തിരുത്തേണ്ടത് ആ രണ്ടു കാര്യങ്ങളില്‍!

ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയ ശേഷം പരാജയം ഏറ്റുവാങ്ങുന്നത്. നഷ്ടപ്പെടുത്തിയത് വിലപ്പെട്ട 6 പോയിന്റുകളാണ്. അവസാന കണക്കെടുപ്പില്‍ ഈ പോയിന്റുകളുടെ വില വളരെ വലുതായിരിക്കുമെന്ന് ഉറപ്പാണ്. 6 ടീമുകള്‍ക്ക് പ്ലേഓഫില്‍ സാധ്യത ഉള്ളതിനാല്‍ പ്ലേഓഫിനെ ബാധിക്കില്ലെങ്കിലും ഷീല്‍ഡ് ജേതാക്കളുടെ പോരാട്ടത്തില്‍ വലിയ പ്രശ്‌നമാകും.

കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനെ കാത്തത് പ്രതിരോധത്തിലെ മതിലായിരുന്നു. എന്നാല്‍ ഇത്തവണ ആ മതിലിന് വിള്ളല്‍ വീണിരിക്കുന്നു. 3 കളിയില്‍ നിന്ന് എതിരാളികള്‍ 8 തവണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചിരിക്കുന്നത്. പ്രഭുക്ഷാന്‍ ഗില്‍ എന്ന അതികായനും കൂടുതല്‍ പതറി തുടങ്ങിയിരിക്കുന്നു.

ഓരോ മല്‍സരത്തിലെ റിസല്‍ട്ടും പോസിറ്റീവായി തന്നെയാണ് കാണുന്നതെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല.

ദൗര്‍ബല്യങ്ങള്‍ ആദ്യ മല്‍സരങ്ങളില്‍ തന്നെ പ്രകടമായി തെളിഞ്ഞു കാണുന്നത് ടീമിനെ ഗുണകരമാണ്. കാരണം, ആദ്യം തന്നെ തിരുത്തേണ്ടിടത്ത് തിരുത്തി മുന്നോട്ടു പോകാന്‍ ഇതുവഴി സാധിക്കും. പ്രതിരോധത്തിലും മുന്നേറ്റത്തിലും വളരെയേറെ തിരുത്തലുകള്‍ വരുത്താനുണ്ട്.

അല്‍വാരോ വാസ്‌കസിനെയും പെരേര ഡയസിനെയും കൈവിട്ടതിന്റെ ക്ഷീണം മുന്നേറ്റത്തില്‍ കാണാനുണ്ട്. ഇതൊക്കെ തിരുത്തി ഇനിയും മുന്നോട്ടു പോകാന്‍ ഈ ടീമിനും കോച്ചിനും ശേഷിയുണ്ട്. നല്ലതു സംഭവിക്കാന്‍ കാത്തിരിക്കാം.

Related Articles

Back to top button