Football

യൂറോയിലെ ഈ ഗ്രൂപ്പില്‍ മരണം സുനിശ്ചിതം; ആര് ആരെ കൊല്ലും…?

കാല്‍പ്പന്ത് ആരാധകര്‍ ഫുട്ബോളിന്റെ പവര്‍ ഹൗസ് എന്ന് വിശേഷിപ്പിക്കുന്ന യൂറോപ്പിന്റെ പുതിയ രാജാവിനായുള്ള പോരാട്ട ദിനങ്ങള്‍ അടുക്കുന്നു… ജര്‍മനി ആതിഥേയത്വം വഹിക്കുന്ന 2024 യുവേഫ യൂറോ കപ്പില്‍ വന്‍പ്രതീക്ഷകളുമായാണ് ടീമുകളെത്തുന്നത്.

ഹാരി കെയ്ന്‍ നയിക്കുന്ന ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, ടോണി ക്രൂസിന്റെ അവസാന ടൂര്‍ണമെന്റ് എന്ന പരിവേഷത്തോടെ എത്തുന്ന ജര്‍മനി, ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ, റോഡ്രിയുടെയും പെഡ്രിയുടെയും സ്പെയിന്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, റോബര്‍ട്ടോ ലെവന്‍ഡോവ്സിയുടെ പോളണ്ട്, ലുകാക്കുവിന്റെ ബെല്‍ജിയം, കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സ് എന്നിങ്ങനെ നീളുന്നു യൂറോ കപ്പിനായി പോരാടുന്ന പ്രമുഖ നിര.

നോക്കൗട്ടില്‍ കടക്കാതെ ഒരു ഗ്ലാമര്‍ ടീം ഉറപ്പായും പുറത്താകുമെന്ന് ഉറപ്പുള്ള ഒരു ഗ്രൂപ്പുണ്ട്. മരണ ഗ്രൂപ്പ് എന്ന വിശേഷണം ഇത്തരം ഗ്രൂപ്പുകള്‍ക്ക് ആരാധകര്‍ നല്‍കുന്നു. ഗ്രൂപ്പ് ബിയാണ് 2024 യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്ന വിശേഷണം അര്‍ഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി, മുന്‍ചാമ്പ്യന്മാരായ സ്പെയിന്‍, കരുത്തരായ ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പം അല്‍ബേനിയയും ചേരുന്നതാണ് ഗ്രൂപ്പ് ബി.

സ്പെയിന്‍, ഇറ്റലി, ക്രൊയേഷ്യ ടീമുകളില്‍ ഒന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമെന്ന് ഉറപ്പ്. ഫിഫ റാങ്കിംഗില്‍ 66-ാം സ്ഥാനക്കാരായ അല്‍ബേനിയ ഗ്രൂപ്പില്‍ മരണക്കളിയുമായി അദ്ഭുതം കാണിച്ചാല്‍ രണ്ട് വമ്പന്മാരുടെ രക്തം ചിന്തപ്പെടുമെന്നതും ഉറപ്പ്. ഈ അനിശ്ചിതത്വമാണ് ഗ്രൂപ്പ് ബിയുടെ ആകര്‍ഷണം.

മാത്രമല്ല, 2020 യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യ സ്പെയിനോടും സ്പെയിന്‍ സെമിയില്‍ ഇറ്റലിയോടും പരാജയപ്പെട്ടിരുന്നു. ഇതിന്റെ കണക്കു തീര്‍ക്കലും ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇറ്റലിയും സ്പെയിനും ക്രൊയേഷ്യയും ഫിഫ റാങ്കിംഗില്‍ ആദ്യ 10നുള്ളില്‍ ഉള്ളവരാണ്.

നാലാം കിരീടത്തിന് സ്പെയിന്‍

യൂറോ കപ്പിനുള്ള 29 അംഗ സാധ്യതാ ടീമിനെ സ്പെയിന്‍ പ്രഖ്യാപിച്ചു. 2022 ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടതിന്റെയും 2020 സെമിയില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോറ്റതിന്റെയും ക്ഷീണം സ്പാനിഷ് യുവനിരയ്ക്ക് തീര്‍ക്കേണ്ടതുണ്ട്. 16 കാരനായ യാമിനെ യമാല്‍ 17 കാരനായ പൗ കുബാര്‍സി, റോഡ്രി, മക് കുക്റെല്ല, പെഡ്രി, നാച്ചൊ തുടങ്ങിയവരെല്ലാം അണിനിരക്കുന്നതാണ് സ്പെയിന്റെ സാധ്യതാ സംഘം.

എന്തിനുംപോന്ന യുവാക്കളാണ് ലാ റോജാസിന്റെ കരുത്ത് എന്നു ചുരുക്കം. ജൂണ്‍ 15ന് ക്രൊയേഷ്യക്കെതിരേയാണ് സ്പെയിനിന്റെ യൂറോ കപ്പിലെ ആദ്യ മത്സരം. 21ന് ഇറ്റലിയെയും 25ന് അല്‍ബേനിയയെയും സ്പെയിന്‍ നേരിടും. 1964, 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പ് സ്പെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലാം കിരീടമാണ് ലാ റോജ ലക്ഷ്യംവയ്ക്കുന്നത്. ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരാണ് സ്പെയിന്‍.

മൂന്നാം കിരീടത്തിന് ഇറ്റലി

നിലവിലെ ചാമ്പ്യന്മാരാണ് ഇറ്റലി. 2020 ഫൈനലില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ഇറ്റലി കപ്പുയര്‍ത്തിയത്. 2018, 2022 ഫിഫ ലോകകപ്പിനു യോഗ്യത നേടാന്‍ സാധിച്ചില്ലെന്ന നാണക്കേടുമായാണ് ഇറ്റലിയുടെ വരവ്. 2024 യൂറോ കപ്പിനുള്ള ഇറ്റലിയുടെ 30 അംഗ സാധ്യതാ ടീമില്‍ ജോര്‍ജിഞ്ഞൊയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയം.

ഫെഡെറിക്കൊ കിയേസ, നിക്കൊളൊ ബറെല്ല, ജിയാന്‍ലുയിജി ഡോണറുമ്മ തുടങ്ങിയ 2020 ചാമ്പ്യന്മാരായ സംഘത്തിലുള്ളവര്‍ ഇത്തവണയും ഉണ്ടാകും. ജൂണ്‍ 16ന് അല്‍ബേനിയയ്ക്കെതിരേയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇറ്റലിയുടെ ആദ്യ മത്സരം. തുടര്‍ന്ന് 21ന് സ്പെയിനെയും 25ന് ക്രൊയേഷ്യയെയും ഇറ്റലി നേരിടും.

1968, 2020 വര്‍ഷങ്ങളില്‍ ഇറ്റലി യൂറോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം കിരീടമാണ് അസൂറികള്‍ ലക്ഷ്യംവയ്ക്കുന്നത്. ഫിഫ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനക്കാരാണ് ഇറ്റലി.

കന്നിക്കിരീടത്തിന് ക്രൊയേഷ്യ

ഫിഫ ലോകകപ്പ് ഫൈനലില്‍വരെ എത്തിയിട്ടും രാജ്യാന്തര കിരീടം എന്ന സ്വപ്നം സഫലമാക്കാന്‍ ക്രൊയേഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലൂക്ക മോഡ്രിച്ചിന് ഒരു രാജ്യാന്തര കിരീടത്തോടെ വിരമിക്കാന്‍ സാധിക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. 1996, 2008 എഡിഷനുകളില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് ക്രൊയേഷ്യയുടെ യൂറോ കപ്പിലെ മികച്ച പ്രകടനങ്ങള്‍.

അതേസമയം, 2018 ഫിഫ ലോകകപ്പില്‍ ഫൈനലിലും 2022ല്‍ സെമിയിലും ക്രൊയേഷ്യ എത്തിയിരുന്നു. ജൂണ്‍ 15ന് സ്പെയിനെതിരേയാണ് 2024 യൂറോയില്‍ ക്രൊയേഷ്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് 19ന് അല്‍ബേനിയയെയും 25ന് ഇറ്റലിയെയും നേരിടും. ഫിഫ റാങ്കിംഗില്‍ 10-ാം സ്ഥാനത്താണ് ക്രൊയേഷ്യ.

ഗ്രൂപ്പ് ഡി

പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ് ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് ഡിയും മരണഗ്രൂപ്പിനു സമാനമാണ്. ഫിഫ റാങ്കിംഗില്‍ ആദ്യ 28നുള്ളില്‍ ഉള്ളതാണ് ഈ നാല് ടീമുകളും എന്നതും ശ്രദ്ധേയം. പോളണ്ട് 28ഉം ഓസ്ട്രിയ 25ഉം നെതര്‍ലന്‍ഡ്സ് ഏഴും ഫ്രാന്‍സ് രണ്ടും റാങ്കിലാണ്. ഈ ഗ്രൂപ്പിലും കൊല്ലുംകൊലയും നടക്കുമെന്നുതീര്‍ച്ച…

Related Articles

Back to top button