Football

സ്പെയിന്റെ കഥകഴിച്ചതിന് പിന്നില്‍ രണ്ട് സ്പാനിഷുകാരും ഒരു ഡച്ചുകാരനും!

അവിസ്മരണീയമായ പോരാട്ടത്തിനൊടുവില്‍ സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയപ്പോള്‍ മൊറോക്കന്‍ നിരയില്‍ തിളങ്ങിയത് സ്പെയിനില്‍ ജനിച്ച താരവും സ്പെയിനില്‍ വര്‍ഷങ്ങളായി താമസിക്കുന്ന താരവുമാണെന്നത് വിധിയുടെ വിളയാട്ടമായി.

ഗോള്‍പോസ്റ്റിന് കീഴില്‍ സ്പാനിഷ് കിക്കുകള്‍ തടുത്തിട്ട യാസീന്‍ ബോൗനു എന്ന ബോനോയും അവസാന കിക്ക് മൊറോക്കോയ്ക്കായി വലയിലെത്തിച്ച അച്ചറഫ് ഹക്കീമിയും സ്പാനിഷ് ബന്ധം ഏറെയുള്ളവരാണ്. ഹക്കീമി ജനിച്ചതും വളര്‍ന്നതുമെല്ലാം സ്പെയിനിലെ മാഡ്രിഡിലാണ്. ബോനോയാകട്ടെ കാനഡയില്‍ ജനിച്ചു വളര്‍ന്നയാളും. ഇപ്പോള്‍ വര്‍ഷങ്ങളായി സ്‌പെയിനിലാണ് താമസം.

ജന്മവേരുകളിലേക്കുള്ള തിരിച്ചു പോക്കിലാണ് ഇരുവരും മൊറോക്കോയ്ക്കായി കളിക്കാനായി എത്തിയത്. മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ഹക്കീം സിയെച്ച് ജനിച്ചതാകട്ടെ നെതര്‍ലന്‍ഡ്സിലും. മൊറോക്കോ ടീമിലെ 26 താരങ്ങളില്‍ 14 പേരും മറ്റ് രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇവര്‍ മാതാപിതാക്കളുടെ വേരുകള്‍ പിന്തുടര്‍ന്നാണ് മൊറോക്കോയ്ക്കായി പന്തുതട്ടാനെത്തിയത്.

സ്‌ട്രൈക്കര്‍ സക്കറിയ അബുക്കല്‍ ജനിച്ചതും വളര്‍ന്നതും നെതര്‍ലന്‍ഡ്‌സിലാണ്. പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് താരം മൊറോക്കോ വിളിച്ചപ്പോള്‍ അങ്ങോട്ടേക്ക് വിമാനം കയറിയത്. മിഡ്ഫീല്‍ഡര്‍ ബിലാല്‍ എല്‍ ഖനോസ്മസും പിതാവിന്റെ വേരുകളിലേക്ക് തിരിച്ചു വിളിക്കപ്പെട്ടയാളാണ്. ബെല്‍ജിയത്തില്‍ ജനിച്ചു വളര്‍ന്ന താരം വളര്‍ത്തുനാടിനെതിരായ ജയത്തിലും ടീമിലുണ്ടായിരുന്നു.

മൊറോക്കോ ടീമിന്റെ ലോകകപ്പ് വരവില്‍ ഒരു പ്രത്യേകതയുണ്ട്. ടീമംഗങ്ങളുടെയെല്ലാം തന്നെ കുടുംബാംഗങ്ങള്‍ ടീമിനൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. കോച്ച് വാലിദ് റെഗ്രഗുയിയുടെ നിര്‍ദേശം അനുസരിച്ചാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കുടുംബാംഗങ്ങളെുടെ അടക്കം യാത്രചെലവ് വഹിച്ച് അവരെ ലോകകപ്പ് നടക്കുന്നിടത്ത് എത്തിച്ചത്.

ടീമിന്റെ ബേസ് ക്യാംപായ ദോഹ വെസ്റ്റ് ബേ ഹോട്ടല്‍ ഒരു കുടുംബസംഗമത്തിന്റെ പ്രതീതിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അതുകൊണ്ട് തന്നെ. കുടുംബാംഗങ്ങളുടെ സാന്നിധ്യം കളിക്കാരുടെ പ്രകടനത്തില്‍ പോസിറ്റീവ് എനര്‍ജിയായി ഭവിക്കുകയും ചെയ്തു.

ഈ ലോകകപ്പില്‍ സ്വപ്‌നതുല്യമാണ് മൊറോക്കോയുടെ യാത്ര. ക്രൊയേഷ്യയോട് സമനില പിടിച്ച അവര്‍ ബെല്‍ജിയത്തെയും കാനഡയെയും തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറില്‍ എത്തിയത്. ഇപ്പോള്‍ സ്‌പെയിനും മൊറോക്കോയുടെ മുന്നില്‍ തവിടുപൊടിയായി.

Related Articles

Back to top button