Football

ജന്മനാട് വിളിച്ചു; യൂറോപ്പ് വിട്ടെത്തി താരങ്ങള്‍, മൊറോക്കന്‍ വീരന്‍മാര്‍ ഹൃദയം കീഴടക്കിയ കഥ!

ഇത്തവണത്തെ ലോകകപ്പില്‍ ഏവരെയും അമ്പരപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്ത ടീമുകളിലൊന്നാണ് മൊറോക്കോ. യൂറോപ്യന്‍ ടീമുകളെ വെള്ളംകുടിപ്പിച്ച ഈ അഫ്രിക്കന്‍ ടീം തലയുയര്‍ത്തി പിടിച്ച് തന്നെയാണ് ലോകവേദിയില്‍ നില്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഒരേ മനസോടെ ഒരൊറ്റ മനസോടെ പോരാടിയ മൊറോക്കന്‍ വീര്യത്തിനുണ്ട് പറയാനേറെ കഥകള്‍.

മൊറോക്കോയുടെ 26 അംഗ ലോകകപ്പ് ടീമിലെ 14 പേരും ജനിച്ചതോ ജീവിക്കുന്നതോ വിദേശ രാജ്യങ്ങളിലാണ്. അവരുടെ മാതാപിതാക്കളുടെ വേരുകളാണ് മൊറോക്കോയെന്ന രാജ്യത്തിനായി പോരാടാന്‍ താരങ്ങളെ പ്രേരിപ്പിക്കുന്നത്. ഒരിക്കല്‍ തങ്ങളുടെ പൂര്‍വികര്‍ ജനിച്ചു വളര്‍ന്ന രാജ്യത്തിനായി അവര്‍ സ്വപ്‌നം കൊണ്ട് പന്തുതട്ടിയപ്പോള്‍ അത് ഈ ലോകകപ്പിലെ ഏറ്റവും മിഴിവേറിയ നിമിഷങ്ങളായി മാറി.

സ്‌ട്രൈക്കര്‍ സക്കറിയ അബുക്കല്‍ ജനിച്ചതും വളര്‍ന്നതും നെതര്‍ലന്‍ഡ്‌സിലാണ്. പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് താരം മൊറോക്കോ വിളിച്ചപ്പോള്‍ അങ്ങോട്ടേക്ക് വിമാനം കയറിയത്. മിഡ്ഫീല്‍ഡര്‍ ബിലാല്‍ എല്‍ ഖനോസ്മസും പിതാവിന്റെ വേരുകളിലേക്ക് തിരിച്ചു വിളിക്കപ്പെട്ടയാളാണ്. ബെല്‍ജിയത്തില്‍ ജനിച്ചു വളര്‍ന്ന താരം വളര്‍ത്തുനാടിനെതിരായ ജയത്തിലും ടീമിലുണ്ടായിരുന്നു.

മൊറോക്കോ ടീമിന്റെ ലോകകപ്പ് വരവില്‍ ഒരു പ്രത്യേകതയുണ്ട്. ടീമംഗങ്ങളുടെയെല്ലാം തന്നെ കുടുംബാംഗങ്ങള്‍ ടീമിനൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. കോച്ച് വാലിദ് റെഗ്രഗുയിയുടെ നിര്‍ദേശം അനുസരിച്ചാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കുടുംബാംഗങ്ങളെുടെ അടക്കം യാത്രചെലവ് വഹിച്ച് അവരെ ലോകകപ്പ് നടക്കുന്നിടത്ത് എത്തിച്ചത്.

ടീമിന്റെ ബേസ് ക്യാംപായ ദോഹ വെസ്റ്റ് ബേ ഹോട്ടല്‍ ഒരു കുടുംബസംഗമത്തിന്റെ പ്രതീതിയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അതുകൊണ്ട് തന്നെ. കുടുംബാംഗങ്ങളുടെ സാന്നിധ്യം കളിക്കാരുടെ പ്രകടനത്തില്‍ പോസിറ്റീവ് എനര്‍ജിയായി ഭവിക്കുകയും ചെയ്തു.

Related Articles

Back to top button