FootballTop Stories

ചെല്‍സിയെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് മൂന്നുപേര്‍

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ പണി കിട്ടിയവരില്‍ ഒരാളാണ് റഷ്യന്‍ കോടീശ്വരനും ഇംഗ്‌ളീഷ് ഫുട്ബാള്‍ ക്‌ളബായ ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രാമോവിച്ച്. റഷ്യ യുക്രെയിനിന് എതിരെ യുദ്ധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വന്‍ നിക്ഷേപം ഉള്ള അബ്രാമോവിച്ച്, ചെല്‍സി ഉള്‍പ്പെടെയുള്ള തന്റെ സമ്പാദ്യം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ചെല്‍സി വിറ്റുകിട്ടുന്ന തുക യുക്രെയിനിലെ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സംഭാവന നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു വേണ്ടി ഒരു ചാരിറ്റബിള്‍ സൊസൈറ്റിയും രൂപീകരിച്ചു. ഏകദേശം മൂന്ന് ബില്ല്യണ്‍ യൂറോയ്ക്കാണ് (25,190 കോടി രൂപ) അബ്രാമോവിച്ച് ക്‌ളബ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. 30 കോടി യൂറോയ്ക്കാണ് (2,520 കോടി രൂപ) അദ്ദേഹം ചെല്‍സി വാങ്ങുന്നത്. നിലവില്‍ മൂന്ന് പേരാണ് ക്‌ളബ് വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ടോഡ് ബോലി

എള്‍റിഡ്ജ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ബോലിക്ക് ഫുട്ബാളിലുള്ള താത്പര്യം മുമ്പ് തൊട്ടേ പ്രസിദ്ധമാണ്. 2019ല്‍ പ്രീമിയര്‍ ലീഗ് ക്‌ളബുകളായ ചെല്‍സി, ടോട്ടന്‍ഹാം ഹോട്‌സ്പൂര്‍ എന്നിവ വാങ്ങാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അന്ന് ചെല്‍സി എഫ് സിയെ സ്വന്തമാക്കാന്‍ 2.2 ബില്ല്യണ്‍ യൂറോ വരെ അദ്ദേഹം ചെലവഴിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അബ്രാമോവിച്ച് വഴങ്ങിയിരുന്നില്ല. പില്‍ക്കാലത്ത് അമേരിക്കയിലെ വനിതാ ഫുട്ബാള്‍ ക്‌ളബായ വാഷിംഗ്ടണ്‍ സ്പിരിറ്റിനെ സ്വന്തമാക്കാനും അദ്ദേഹം ഒന്ന് ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല.

ജിം റാറ്റ്ക്‌ളിഫ്

ഒരു കടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ റാറ്റ്ക്‌ളിഫ് പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് അപരിചിതനല്ല. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ റാറ്റ്ക്‌ളിഫ്, ബോലിയെ പോലെ 2019ല്‍ തന്നെ ചെല്‍സിയെ സ്വന്തമാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ചെല്‍സിയെ വന്‍ തുക കൊടുത്ത് സ്വന്തമാക്കിയാലും ക്‌ളബിനെ ഒന്ന് ശരിയാക്കി എടുക്കാന്‍ വീണ്ടും കോടികള്‍ വേണ്ടിവരുമെന്നതിനാലാണ് റാറ്റ്ക്‌ളിഫ് ആ ശ്രമത്തില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറിയതിനാല്‍ ഒന്നുകൂടി ശ്രമിച്ചു നോക്കാമെന്ന കണക്കുകൂട്ടലിലാണ് റാറ്റ്ക്‌ളിഫ്.

നിലവില്‍ ഫ്രഞ്ച് ലീഗിലെ നൈസ് ഫുട്ബാള്‍ ക്‌ളബില്‍ റാറ്റ്ക്‌ളിഫിന് ഓഹരികളുണ്ട്. കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡ് സൂപ്പര്‍ ലീഗ് ക്‌ളബായ എഫ് സി ലൗസാന്നെ സ്‌പോര്‍ട്ടിലും എഫ് വണ്‍ ടീമായ മെഴ്‌സിഡസിലും റാറ്റ്ക്‌ളിഫ് പങ്കാളിയാണ്.

ഹാന്‍സ്‌ജോര്‍ഗ് വിസ്

ചെല്‍സി സ്വന്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് കോടീശ്വരനായ ഹാന്‍സ്‌ജോര്‍ഗ് വിസ്. ചെല്‍സി വാങ്ങാനുള്ള ബിഡ് തനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് ഒറ്റയ്ക്ക് ആ ക്‌ളബ് സ്വന്തമാക്കാന്‍ താത്പര്യമില്ലെന്നും വിസ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button