ISLTop Stories

സുപ്രധാന പ്രഖ്യാപനവുമായി വുക്കുമനോവിച്ച്!!

മുംബൈ സിറ്റിക്കെതിരായ മത്സരശേഷം സുപ്രധാന പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ഐഎസ്എല്‍ അവസാനിച്ചാലുടന്‍ കൊച്ചിയിലെത്തും. മാനേജ്‌മെന്റുമായി കരാര്‍ സംബന്ധിച്ച ചര്‍ച്ച നടത്തി പുതിയ കരാറില്‍ ഒപ്പിടുമെന്നും മത്സരശേഷം കോച്ച് പറഞ്ഞു. അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്ന് അദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വുക്കുമനോവിച്ചിന്റെ പ്രകടനത്തില്‍ ഹാപ്പിയാണ്. അദേഹത്തിന് അടുത്ത സീസണിലേക്ക് പ്രതിഫലത്തില്‍ വന്‍ വര്‍ധനവ് നല്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിനായുള്ള പ്ലാനിംഗ് കൂടി നടത്തിയശേഷമേ കോച്ച് ഇന്ത്യയില്‍ നിന്ന് മടങ്ങുകയുള്ളൂവെന്ന് ചില മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒക്ടോബറില്‍ അടുത്ത സീസണ്‍ ആരംഭിക്കുമെന്നതിനാലാണിത്. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് തൊട്ടതെല്ലാം പൊന്നാക്കുന്ന കോച്ചാണ് വുക്കുമനോവിച്ചെന്ന് നിസംശയം പറയാം. മുംബൈയ്‌ക്കെതിരായ ജയത്തോടെ ചില റിക്കാര്‍ഡുകളും ഇവാന്റെ സംഘം തിരുത്തിക്കുറിച്ചു. മൂന്നുഗോള്‍ ജയത്തോടെ 30 ഗോളുകള്‍ ഈ സീസണില്‍ ടീം പിന്നിട്ടു.

2019-20 സീസണില്‍ അടിച്ച 29 ഗോളുകളുടെ നേട്ടമാണ് മറികടന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന നേട്ടവും ഇവാന്റെ കുട്ടികള്‍ക്കാണ്. സീസണില്‍ ടീമിന്റെ ഒന്‍പതാം ജയമായിരുന്നു മുംബൈയ്‌ക്കെതിരേ നേടിയത്. 2016ലെ എട്ടുജയങ്ങളുടെ റിക്കാര്‍ഡാണ് മറികടന്നത്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റും ഇത്തവണത്തേതാണ്. അടുത്ത മത്സരത്തില്‍ ഗോവയ്‌ക്കെതിരേ ഒരു സമനിലയെങ്കിലും നേടാനായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് ഉറപ്പിക്കാം. മുംബൈയ്ക്കാകട്ടെ അവര്‍ ജയിക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയും ഉണ്ടെങ്കിലേ സെമിയിലെത്താനാകൂ.

Related Articles

Leave a Reply

Back to top button