Football

ഒരു വാക്ക് പോലും ഉരിയാടാതെ നെയ്മര്‍; കാരണം ഏകാഗ്രത?

ലോകകപ്പിനായി ഖത്തറിലെത്തിയ ശേഷം പൊതുവായി ഒരു കാര്യം പോലും പറയാത്ത നെയ്മറിന്റെ മനംമാറ്റമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. മുന്‍ ലോകകപ്പുകളിലൊക്കെ നെയ്മര്‍ വാചാലനായിരുന്നു. ടീമിന്റെ പ്രതീക്ഷകളെയും തന്റെ പ്രകടനത്തെയും കുറിച്ചൊക്കെ സംസാരിക്കുന്ന നെയ്മറിന്റെ പതിവു രീതികള്‍ ഖത്തറില്‍ കാണാനായിട്ടില്ല.

ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ നേരിടാനിരിക്കെ നെയ്മര്‍ കൂടുതല്‍ ഏകാഗ്രത ലക്ഷ്യമിട്ടാണ് പരസ്യമായ പ്രതികരണങ്ങളൊന്നും നടത്താതിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നെയ്മര്‍ ബ്രസീലിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള കഠിനമായ ആഗ്രഹത്തിലാണെന്ന് സഹതാരം റിച്ചാര്‍ലീസണ്‍ വ്യക്തമാക്കി. നെയ്മര്‍ തിളങ്ങാനായാല്‍ കാനറികള്‍ക്ക് ഏറെ ദൂരം പോകാനാകുമെന്നും സഹതാരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ ലോകകപ്പോടെ ബ്രസീലിനായി കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് പെലെയില്‍ നിന്നും നെയ്മര്‍ കരസ്ഥമാക്കിയേക്കും. നിലവില്‍ പെലെയുടെ നേട്ടം 77 ഗോളുകളാണ്. നെയ്മറിന് ഇതുവരെ 75 ഗോളുകള്‍ സ്വന്തമായുണ്ട്. രണ്ടു ഗോളുകള്‍ കൂടി നേടിയാല്‍ റിക്കാര്‍ഡിനൊപ്പമെത്താം. 92 കളിയില്‍ നിന്നാണ് പെലെയുടെ നേട്ടം. നെയ്മറിന്റേത് 121 മല്‍സരങ്ങളില്‍ നിന്നും.

ഗ്രൂപ്പ് ജിയില്‍ കാമറൂണ്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ആദ്യ റൗണ്ടില്‍ കാര്യമായ വെല്ലുവിളികളില്ലാതെ കടന്നു പോകാമെന്നാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ അര്‍ജന്റീനയും ജര്‍മനിയും ആദ്യ മല്‍സരത്തില്‍ അട്ടിമറിക്കപ്പെട്ടതോടെ ടീം കൂടുതല്‍ ജാഗ്രതയിലാണ്.

Related Articles

Back to top button