Cricket

അസാധാരണ ക്യാപ്റ്റന്‍സി ബ്രില്യന്‍സില്‍ എതിരാളികളെ ഞെട്ടിച്ച് സഞ്ജു!

ജാര്‍ഖണ്ഡിനെതിരായ ആദ്യ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തെ അപ്രതീക്ഷിത ജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നീക്കങ്ങള്‍. ഇന്ന് രാവിലെ വരെ സമനിലയെന്ന് ഇരുടീമുകളും ഉറപ്പിച്ചിടത്തു നിന്നുമാണ് സഞ്ജുവിന്റെ തന്ത്രങ്ങളില്‍ കളി തിരിഞ്ഞത്. 85 റണ്‍സ് ജയവും വിലപ്പെട്ട പോയിന്റുകളും മുന്നോട്ടുള്ള മല്‍സരങ്ങളില്‍ ടീമിന് ഉണര്‍വാകും.

രാവിലെ അതിവേഗം സ്‌കോറിംഗ് ഉയര്‍ത്തി ജാര്‍ഖണ്ഡിന് മുന്നിലേക്ക് വലിയൊരു ലക്ഷ്യം മുന്നോട്ടു വയ്ക്കാന്‍ കേരളത്തിന് സാധിച്ചതാണ് മല്‍സര ഫലത്തെ സ്വാധീനിച്ചത്. സമനിലയ്ക്കു വേണ്ടി കളിക്കാതെ പോയിന്റ് നേടാനുറച്ച് സഞ്ജു മുന്നോട്ടു നീങ്ങിയതോടെ കളി ആവേശകരമായി.

ജാര്‍ഖണ്ഡിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷന്‍ ഓപ്പണിംഗ് റോളില്‍ ഇറങ്ങിയപ്പോള്‍ കൂടുതല്‍ ടേണിംഗ് കിട്ടുന്ന വൈശാഖ് ചന്ദ്രനെ പന്തേല്‍പ്പിച്ച തീരുമാനം വഴിത്തിരിവായി മാറി. കുത്തിതിരിഞ്ഞ വൈശാഖിന്റെ പന്തുകള്‍ക്ക് മുന്നില്‍ കിഷന്‍ വീണതോടെ ജയമെന്ന സ്വപ്‌നം ജാര്‍ഖണ്ഡിന് ഉപേക്ഷിക്കേണ്ടി വന്നു.

ഒരു വശത്ത് വൈശാഖിനെയും മറുവശത്ത് ജലജ് സക്‌സേനയെയും മാറിമാറി പരീക്ഷിച്ചതോടെ ബാറ്റ്‌സ്മാന്മാര്‍ കുഴങ്ങി. കൂടെ ക്ലോസ്ഡ് ഇന്‍ ഫീല്‍ഡര്‍മാര്‍ കൂടി വന്നതോടെ പ്രതിരോധിക്കണോ ആക്രമണിക്കണോയെന്ന കണ്‍ഫ്യൂഷനിലാണ് ജാര്‍ഖണ്ഡ്. ഒരുഘട്ടത്തില്‍ ആറുവിക്കറ്റിന് 112 റണ്‍സെന്ന നിലയിലായിരുന്നു ജാര്‍ഖണ്ഡ്.

ഇവിടെ നിന്ന് കുമാര്‍ കുശാഗ്രയും (92) മനീഷിയും (23) ചേര്‍ന്ന് ടീമിന് സമനില സമ്മാനിക്കുമെന്ന് തോന്നിച്ചതാണ്. ഈ സമയത്താണ് സഞ്ജു പന്ത് ബേസില്‍ തമ്പിയെ ഏല്‍പ്പിക്കുന്നത്.

മനീഷിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബേസില്‍ ക്യാപ്റ്റന്റെ വിശ്വാസം കാക്കുകയും ചെയ്തു. മല്‍സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് 72 റണ്‍സെടുത്ത സഞ്ജുവിന്റെ ബാറ്റിംഗും നിര്‍ണായകമായി.

Related Articles

Back to top button