Cricket

ഉന്മുക് ചന്ദിന്റെ പാത പിന്തുടര്‍ന്നാല്‍ സഞ്ജുവിന് അവസരങ്ങളുടെ പെരുമഴ!

2012 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് കപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായും മുന്നില്‍ നിന്ന് നയിച്ച നായകനായും തിളങ്ങിയത് ഉന്മുക് ചന്ദ് എന്ന താരമായിരുന്നു. ഇന്ത്യയുടെ ഭാവി നായകനെന്ന് പോലും ഏവരും വിലയിരുത്തിയ താരം. എന്നാല്‍ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു.

തന്റെ 28 മത്തെ വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചന്ദ് ഇപ്പോള്‍ അമേരിക്കന്‍ ക്രിക്കറ്റിലെ മിന്നും താരമാണ്. മാത്രമല്ല ബിഗ് ബാഷിലും മറ്റ് ലോകത്തുള്ള പ്രമുഖ ലീഗുകളിലും കളിക്കുന്ന ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരുവനാണ് ഈ യുവതാരം. ഇന്ത്യന്‍ ക്രിക്കറ്റില്‍ വേണ്ടത്ര അവസരം കിട്ടാത്തതിനാലാണ് ചന്ദ് രാജ്യം വിട്ടത്. ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ് കിട്ടുന്നത്.

unmukh chand

ചന്ദിന്റെ അതേ അവസ്ഥയിലൂടെ തന്നെയാണ് ഒരുവിധത്തില്‍ സഞ്ജു സാംസണും കടന്നു പോകുന്നത്. ആഭ്യന്തര തലത്തില്‍ മികവു പ്രകടിപ്പിച്ചിട്ടും രാജ്യാന്തര തലത്തില്‍ കാര്യമായ പരിഗണന പോലും നല്‍കുന്നില്ല. കിട്ടിയാല്‍ തന്നെ ഒന്നോ രണ്ടോ കളികള്‍ക്കു ശേഷം ഒതുക്കപ്പെടുന്നു. ചന്ദിന്റെ വഴി തെരഞ്ഞെടുത്താല്‍ പോലും സഞ്ജുവിന് കരിയറില്‍ നഷ്ടമുണ്ടാകില്ലെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ വിരമിച്ച് പുറത്തേതെങ്കിലും രാജ്യത്തേക്ക് പോയാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ അവരെ പ്രതിനിധീകരിച്ച് കളിക്കാനാകും. മാത്രമല്ല ലോകത്തുള്ള വലിയ ലീഗുകളിലെല്ലാം കളിക്കാന്‍ സാധിക്കും.

നിലവിലെ ഫോം വച്ച് സഞ്ജുവിന് അനായാസം, ബിഗ് ബാഷ്, ഇംഗ്ലീഷ് കൗണ്ടി, ദക്ഷിണാഫ്രിക്കന്‍ ലീഗ്, അമേരിക്കയില്‍ പുതുതായി തുടങ്ങുന്ന ലീഗ് എന്നിവയിലെല്ലാം കളിക്കാം.

സാമ്പത്തികമായും ഇപ്പോഴത്തേതിന്റെ ഇരട്ടി നേട്ടം സഞ്ജുവിനെ തേടിയെത്തും. കാരണം, ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളേക്കാള്‍ പണമുണ്ടാക്കുന്നുണ്ട് മറ്റു രാജ്യങ്ങളിലെ കളിക്കാര്‍. അവര്‍ പറന്നു നടന്ന് ലോകത്തുള്ള ലീഗുകളിലെല്ലാം കളിക്കുന്നു. ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ ഐപിഎല്ലില്‍ മാത്രമായി തളച്ചിടുന്നു.

ബിസിസിഐയുടെ കെട്ടുപാടുകള്‍ പൊട്ടിക്കുന്നതോടെ സഞ്ജുവിനും ഇതുപോലെ ലോകമെങ്ങും കളിക്കാന്‍ സാധിക്കും. പക്ഷേ പണത്തേക്കാളുപരി കളിയെയും രാജ്യത്തെയും സ്‌നേഹിക്കുന്ന സഞ്ജു പണത്തിന് പിന്നാലെ പോകില്ലെന്നുറപ്പാണ്. കരിയറെന്നാല്‍ പണം മാത്രമാണ് കരുതുന്ന താരങ്ങളില്‍ നിന്നും വ്യത്യസ്തനാണ് സഞ്ജു.

ചന്ദ് ഇന്ത്യ വിട്ടു പോയതിന് കാരണം ആഭ്യന്തര ക്രിക്കറ്റില്‍ പോലും അവസരങ്ങള്‍ നഷ്ടമായതായിരുന്നു. ഇന്ത്യയിലെ അവസാന സമയത്ത് രഞ്ജി ട്രോഫിയില്‍ പോലും പരിഗണിക്കപ്പെടാത്ത അവസ്ഥയിലെത്തിയ ചന്ദും ഐപിഎല്‍ ടീമിന്റെ നായകനായ സഞ്ജുവും തമ്മില്‍ ദൂരം ഒരുപാട് ഉണ്ട്. എങ്കിലും സഞ്ജുവിന്റെ മുന്നില്‍ ഓപ്ഷനുകള്‍ ഒരുപാടുണ്ടെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം.

Related Articles

Back to top button