Football

പോര്‍ച്ചുഗല്‍ ജയിച്ചത് വളഞ്ഞ വഴി ഗോളിലോ…! വിവാദം കത്തുന്നു

ആരാധകരേ ശാന്തരാകുവിന്‍… പോര്‍ച്ചുഗലിന്റെ ജയത്തെക്കുറിച്ചല്ല ഈ വാര്‍ത്ത, മറിച്ച് ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ റഫറിയിംഗിലെ പിഴവിനെ കുറിച്ചാണ്. ഒരു ചെറിയ പിഴവ് മതി ഏത് വമ്പനും വീഴുകയും വാഴുകയും ചെയ്യും എന്നതിന്റെ ഉദാഹരണങ്ങളാണ് ഖത്തര്‍ ലോകകപ്പില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ പിഴവ് അര്‍ജന്റീന-സൗദി അറേബ്യ മത്സരത്തിലായിരുന്നു.

സൗദി അറേബ്യക്ക് എതിരേ അര്‍ജന്റീനയുടെ ലൗതാരൊ മാര്‍ട്ടിനെസ് നേടിയ ഗോള്‍ ഓഫ് സൈഡ് ആണെന്ന് വിധിച്ച് റഫറി റദ്ദാക്കി. അതിന്റെ ഫലം ലയണല്‍ മെസിയുടെ അര്‍ജന്റീന 1-2ന്റെ തോല്‍വി വഴങ്ങി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ 3-2ന് ഘാനയെ കീഴടക്കിയ മത്സരത്തിലും നിര്‍ണായകമായ ചില പിഴവുകള്‍ റഫറിയുടെ ഭാഗക്കുനിന്ന് ഉണ്ടായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. അത് ഇങ്ങനെ:

ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ അഞ്ച് ഗോള്‍ പിറന്ന പോര്‍ച്ചുഗല്‍-ഘാന ത്രില്ലര്‍ പോരാട്ടം നിയന്ത്രിച്ചത് മൊറോക്കന്‍ വംശജനായ അമേരിക്കന്‍ റഫറി ഇസ്മൈല്‍ എല്‍ഫാത്ത് ആയിരുന്നു. മത്സരം ഗോള്‍രഹിതമായി തുടരുന്നതിനിടെ 62-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിന് റഫറി സ്പോട്ട് കിക്കിന് ഉത്തരവിട്ടു. വിഎആറിന്റെ സഹായം തേടാതെ സ്വമേധയാ റഫറി തീരുമാനം എടുക്കുകയായിരുന്നു എന്നാണ് ആഫ്രിക്കന്‍ ആരാധകരുടെ ആരോപണം. ആഫ്രിക്കന്‍ ടീമുകളോട് റഫറിമാര്‍ക്ക് ചിറ്റമ്മ നയമാണെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍, ഏറ്റവും ഗുരുതരമായ ആരോപണം ഉയര്‍ന്നത് 80-ാം മിനിറ്റില്‍ റാഫേല്‍ ലിയാവൊ പോര്‍ച്ചുഗലിനായി നേടിയ മൂന്നാം ഗോളാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു റാഫേല്‍ ലിയാവൊയുടെ ഗോള്‍. ആ ഗോള്‍ ഓഫ് സൈഡ് ആയിരുന്നു എന്നാണ് തെളിവുകള്‍ സഹിതം നിരത്തി ആഫ്രിക്കന്‍ ആരാധകരുടെ ആരോപണം.

റഫറി ഓഫ് സൈഡ് ചെക്ക് ചെയ്തില്ലെന്നും വിഎആര്‍ റൂമിലുള്ളവര്‍ അക്കാര്യത്തില്‍ കൃത്യമായി മൗനം പാലിച്ചെന്നും ആഫ്രിക്കന്‍ ഫുട്ബോള്‍ ആരാധകര്‍ ആരോപിക്കുന്നു. ഒരുപക്ഷേ, ലിയാവൊയുടെ ഗോള്‍ റഫറി വിഎആര്‍ ചെക്ക് ചെയ്തിരുന്നെങ്കില്‍ ഓഫ് സൈഡ് ആകുകയും മത്സരത്തില്‍ ഘാനയുടെ തോല്‍വി ഒഴിവാകുകയും ചെയ്യുമായിരുന്നു.

80-ാം മിനിറ്റില്‍ ലിയാവൊ നേടിയ ഗോളില്‍ 1-3 നു പിന്നിലായ ഘാന, 89-ാം മിനിറ്റില്‍ ഉസ്മാന്‍ ബുകാരിയിലൂടെ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചിരുന്നു. ലിയാവൊയുടെ ഗോള്‍ ഓഫ് സൈഡ് വിധിച്ച് റദ്ദാക്കിയിരുന്നെങ്കില്‍ ഉസ്മാന്‍ ബുകാരിയുടെ ഗോള്‍ ഘാനയുടെ സമനില ഗോള്‍ ആകുമായിരുന്നു എന്നു ചുരുക്കം. അഞ്ച് ഗോളും രണ്ടാം പകുതിയില്‍ പിറന്ന മത്സരത്തില്‍ റൊണാള്‍ഡോ (65 പെനല്‍റ്റി), ജാവൊ ഫീലിക്സ് (78), ലിയാവൊ (80) എന്നിവര്‍ പോര്‍ച്ചുഗലിനായും ആന്ദ്രേ അയു (73), ബുകാരി (89) എന്നിവര്‍ ഘാനയ്ക്കായും വലകുലുക്കി.

അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന റിക്കാര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കിയ മത്സരവുമായിരുന്നു. അതോടൊപ്പം ലോകകപ്പിലെ അരങ്ങേറ്റത്തില്‍ രണ്ട് പോര്‍ച്ചുഗല്‍ താരങ്ങള്‍ (ജാവൊ ഫീലിക്സ്, റാഫേല്‍ ലിയാവൊ) ഗോള്‍ നേടി എന്നതും ശ്രദ്ധേയം. 1966ല്‍ ജോസ് ടോറസും ജോസ് അഗസ്റ്റൊയും അരങ്ങേറ്റ ലോകകപ്പ് മത്സരത്തില്‍ ഗോള്‍ നേടിയശേഷം സമാന സംഭവം ഇതാദ്യമാണ്.

Related Articles

Back to top button