Football

എന്തുകൊണ്ട് നെയ്മര്‍ക്ക് മാത്രം അടിക്കടി പരിക്ക്? ഉത്തരം ആ ഫൗളുകളിലുണ്ട്!

സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്ക് മൂലം കളിയുടെ 80 ആം മിനുട്ടില്‍ നെയ്മര്‍ കളം വിട്ടിരുന്നു. ശേഷം താരത്തിന്റെ ആങ്കിളില്‍ നീര് വന്നതായിട്ടുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരാധകരും ആശങ്കയിലായി. ഇപ്പോഴിതാ അടുത്ത മല്‍സരം നെയ്മര്‍ക്ക് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടും വന്നു.

എന്തുകൊണ്ട് എപ്പോഴും നെയ്മറെ പരിക്ക് വേട്ടയാടുന്നു എന്നതാണ് ആരാധകരെ സങ്കടത്തില്‍ ആഴ്ത്തുന്നത്. ആങ്കില്‍ ഇഞ്ചുറികള്‍ നെയ്മറുടെ കരിയറില്‍ തുടര്‍ക്കഥ ആവുകയാണ്. അദ്ദേഹത്തിന്റെ കളി ശൈലിയെയും, ആറ്റിട്യൂടിനെയും കുറ്റപ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. ഫൗളുകള്‍ അദ്ദേഹം ചോദിച്ച് വാങ്ങുന്നു എന്നൊക്കെ പറഞ്ഞ് പരിഹസിക്കുന്നവരും ഏറെ.

ഈ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവും അധികം ഫൗളുകള്‍ നേരിടേണ്ടി വന്നതും നെയ്മര്‍ തന്നെ. 8 ഫൗളുകളാണ് അദ്ദേഹം സെര്‍ബിയയ്‌ക്കെതിരേ നേരിട്ടത്. നെയ്മറിന്റെ കളി ശൈലിയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഇത്തരം വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല. എന്തുകൊണ്ടാണ് എപ്പോഴും നെയ്മര്‍ക്ക് പ്രധാനപ്പെട്ട മത്സരങ്ങള്‍ നഷ്ടമാവുന്നത് എന്ന ആശങ്കയും ആരാധകരില്‍ കാണാം.

തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് അടുത്ത മല്‍സരം. നീരുവച്ച കണങ്കാലുമായാണ് കഴിഞ്ഞ ദിവസം നെയ്മര്‍ മൈതാനം വിട്ടത്. സെര്‍ബിയയ്‌ക്കെതിരേ രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റ് വീണത്. കരഞ്ഞുകൊണ്ട് കളം വിട്ട് നെയ്മര്‍ സൈഡ് ബെഞ്ചില്‍ ചികില്‍സ തേടുമ്പോള്‍ നിരാശനായി മുഖംമറച്ചിരുന്നു. നിരവധി തവണ പരുക്കലട്ടിയിട്ടുള്ള വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്.

Related Articles

Back to top button