Football

മിശിഹയുടെ മിന്നും ഗോള്‍ കണ്ട് കണ്ണീരണിഞ്ഞ് മെസിയുടെ ആരാധ്യതാരം ഐമര്‍!

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയില്‍ മെക്സിക്കോയ്ക്ക് എതിരേ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മിന്നും ഗോള്‍ കണ്ട് കൈയ്യടിക്കാത്ത, സീറ്റില്‍നിന്ന് എഴുന്നേറ്റ് അതാഘോഷിക്കാത്ത അര്‍ജന്റൈന്‍ ആരാധകര്‍ ഈ ഭൂഗോളത്തില്‍ ഉണ്ടാകില്ല.

മത്സരത്തിന്റെ 64 -ാം മിനിറ്റില്‍ ഡി സര്‍ക്കിളിനു പുറത്തുനിന്ന് ഇടംകാല്‍കൊണ്ട് നിലംപറ്റെ മെസി തൊടുത്ത ആ ഷോട്ട് മെക്സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്ത്, ഇടത്തേക്ക് നെടുനീളത്തില്‍ ചാടിയ ഗോളി ഗ്വില്ലെര്‍മൊ ഒച്ചാവോയുടെ ഗ്ലൗ ഇട്ട കൈയ്ക്ക് എത്താനാവാത്ത അത്ര അകലത്തിലൂടെ കടന്ന് വലയില്‍ പതിച്ചപ്പോള്‍ അര്‍ജന്റീനക്കാര്‍ക്ക് നെഞ്ചില്‍നിന്ന് ഒരു ഭാരം ഒഴിഞ്ഞ പ്രതീതി ആയിരുന്നു.

അതെ, അത്രമാത്രം അര്‍ജന്റൈന്‍ ആരാധകര്‍ ആഗ്രഹിച്ച ഗോളായിരുന്നു അത്. ജയിച്ചാല്‍ മാത്രം പ്രീ ക്വാര്‍ട്ടര്‍ എന്ന അവസ്ഥയിലായിരുന്നു അര്‍ജന്റീന ഗ്രൂപ്പ് സിയിലെ രണ്ടാം പോരാട്ടത്തിനായി മെക്സിക്കോയ്ക്ക് എതിരേ ഇറങ്ങിയത്. അര്‍ജന്റീനക്കാര്‍ ആഘോഷിച്ച മെസിയുടെ ആ ഗോളില്‍ കണ്ണീരണിഞ്ഞ നിരവധി ആരാധകര്‍ ഉണ്ട്. ഹൃദയത്തിന്റെ ഭാരം ഒഴിഞ്ഞുപോയപ്പോള്‍ ഉണ്ടായ ആനന്ദക്കണ്ണീര്‍… അതില്‍ ഏറ്റവും ശ്രദ്ധേയമായത് അര്‍ജന്റൈന്‍ ഡഗ്ഗൗട്ടില്‍ ഇരിക്കുകയായിരുന്ന ടീമിന്റെ സഹപരിശീലകനും മുന്‍ താരവുമായ പാബ്ലൊ ഐമറിന്റെ വിതുംബല്‍ ആയിരുന്നു.

മെസിയുടെ ആ ഉജ്വല ഗോള്‍ കണ്ട് പാബ്ലൊ ഐമറിന്റെ കണ്ണു നിറഞ്ഞു, ചുണ്ട് വിതുമ്പി, ഹൃദയത്തിന്റെ സ്പന്ദനം ഉയര്‍ന്നു… വിങ്ങിപ്പൊട്ടല്‍ പിടിച്ചടക്കാന്‍ പാടുപെട്ട ഐമറിന്റെ നെഞ്ച് അനിയന്ത്രിതമായി ഉയര്‍ന്നു താഴ്ന്നു… ആ മനുഷ്യന്‍, അര്‍ജന്റൈന്‍ ആരാധകര്‍ എത്രമാത്രം ആഗ്രഹിച്ച ഗോളായിരുന്നു അതെന്ന് വ്യക്തമാക്കുന്ന ശരീരഭാഷ.

അര്‍ജന്റൈന്‍ മുഖ്യപരിശീലകന്‍ ലിയോണല്‍ സ്‌കലോനി പാബ്ലൊ ഐമറിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എത്രവലിയ സമ്മര്‍ദ്ദമാണ് ആഹ്ലാദക്കണ്ണീരായി ഒഴുകിയത് എന്നതും മറുവശം… ലയണല്‍ മെസിയുടെ കുട്ടിക്കാലത്തെ ഹീറോ ആയിരുന്നു പാബ്ലൊ ഐമര്‍ എന്നതാണ് ഈ കഥയിലെ മറ്റൊരു വസ്തുത. 2006 ലോകകപ്പില്‍ ഐമറും മെസിയും അര്‍ജന്റീനയ്ക്കായി ഒന്നിച്ച് കളത്തില്‍ ഇറങ്ങിയിരുന്നു.

മെക്സിക്കോയ്ക്ക് എതിരേ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ 2-0ന്റെ ജയത്തിലൂടെ പ്രീ ക്വാര്‍ട്ടര്‍ സധ്യത അര്‍ജന്റീന സജീവമാക്കി. രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതും മെസിതന്നെയായിരുന്നു. അതോടെ ഒരു ലോക റിക്കാര്‍ഡും മെസി കുറിച്ചു. അഞ്ച് ലോകകപ്പില്‍ അസിസ്റ്റ് നടത്തുന്ന ആദ്യ താരം എന്ന റിക്കാര്‍ഡാണ് മെസി സ്വന്തമാക്കിയത്.

അര്‍ജന്റീനയ്ക്കായി ഫിഫ ലോകകപ്പില്‍ മെസിയുടെ എട്ടാം ഗോളാണ് മെക്സിക്കോയ്ക്ക് എതിരേ പിറന്നത്. ഇതിഹാസ താരം ഡിയേഗോ മാറഡോണയ്ക്ക് ഒപ്പവും ഇതോടെ മെസി എത്തി. 21 മത്സരങ്ങളിലാണ് മെസിയുടെ എട്ട് ലോകകപ്പ് ഗോള്‍. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ പേരിലാണ് അര്‍ജന്റൈന്‍ റിക്കാര്‍ഡ്.

ഗ്രൂപ്പ് സിയില്‍ പോളണ്ടിന് എതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ഇന്ത്യന്‍ സമയം നവംബര്‍ 30 അര്‍ധരാത്രി 12.30നാണ് അര്‍ജന്റീന-പോളണ്ട് പോരാട്ടം. പോളണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

 

Related Articles

Back to top button