Football

ഷോക്കിംഗ്! ബെല്‍ജിയം ടീമില്‍ പൊട്ടിത്തെറി; പരസ്പരം വാക്കേറ്റവുമായി സീനിയര്‍ താരങ്ങള്‍!

ഫിഫ ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം ടീമിനുള്ളില്‍ പൊട്ടിത്തെറിയും വാക്കേറ്റവും. ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജെനറേഷന്‍ അധപതനത്തിന്റെ അവസാന സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബെല്‍ജിയം ടീമിലെ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡി ബ്രൂയിന്‍, ഏഡന്‍ ഹസാര്‍ഡ്, യാന്‍ വെര്‍ട്ടോഹന്‍ എന്നിവര്‍ തമ്മില്‍ ഡ്രസിംഗ് റൂമില്‍വച്ച് അതിശക്തമായ വാക്കേറ്റവും കുറ്റപ്പെടുത്തലും നടന്നതായാണ് യൂറോപ്യന്‍ മധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫിഫ ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയോട് 2-0ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷമായിരുന്നു ഈ പൊട്ടിത്തെറി.

മൊറോക്കോയ്ക്ക് എതിരായ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിനു മുമ്പായി മധ്യനിരയിലെ സൂപ്പര്‍ താരമായ കെവിന്‍ ഡി ബ്രൂയിന്‍ വിവാദമായ ഒരു പരാമര്‍ശം നടത്തിയിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ട്രോഫി സ്വന്തമാക്കാന്‍ മാത്രം ചെറുപ്പം ബെല്‍ജിയം ടീമിന് ഇല്ലെന്നായിരുന്നു കെവിന്‍ ഡി ബ്രൂയിന്റെ പരാമര്‍ശം.

ഈ പരാമര്‍ശം പ്രതിരോധനിരയിലെ മുതിര്‍ന്ന താരമായ യാന്‍ വെര്‍ട്ടോഹന്‍ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടതാണ് ബെല്‍ജിയം ടീമിനുള്ളിലെ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ സാധ്യത അടയാനുള്ള പ്രധാന കാരണം ആക്രമണത്തിന്റെ വേഗക്കുറവാണെന്നായിരുന്നു 35കാരനായ വെര്‍ട്ടോഹന്റെ തിരിച്ചടി.

മൊറോക്കോയോട് 0-2നു പരാജയപ്പെട്ട ശേഷം ഡ്രസിംഗ് റൂമില്‍ എത്തിയപ്പോള്‍ ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡും കെവിന്‍ ഡി ബ്രൂയിനും വെര്‍ട്ടോഹനുമായി കയ്യാങ്കളിയോളം നീളുന്ന വാക്കേറ്റം ഉണ്ടായി. വെര്‍ട്ടോഹന്‍ ഉള്‍പ്പെടുന്ന പ്രതിരോധ നിരയ്ക്ക് മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ വേഗത ഇല്ലായിരുന്നു എന്നും അതാണ് തോല്‍വിയുടെ കാരണമെന്നും ഹസാര്‍ഡ് ആരോപിച്ചു. സംഭവം കൈവിട്ടുപോകും എന്ന അവസരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കു ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യക്ക് എതിരേ ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ബെല്‍ജിയത്തിന്റെ അടുത്ത മത്സരം. ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. അതുകൊണ്ട് ജീവന്മരണ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ഈ പശ്ചാത്തലത്തിലാണ് ടീമിനുള്ളിലെ പടലപ്പിണക്കം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയത്.

ക്രൊയേഷ്യക്കും മൊറോക്കോയ്ക്കും നാല് പോയിന്റ് വീതം ഉണ്ട്, ബെല്‍ജിയത്തിന് മൂന്നും. രണ്ട് കളിയും തോറ്റ കാനഡയുമായി ആണ് മൊറോക്കോയുടെ അടുത്ത മത്സരം. ചുരുക്കത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്താകലിന്റെ വക്കിലാണ് ബെല്‍ജിയം ഇപ്പോള്‍.

Related Articles

Back to top button