Football

‘റോണോ’ ഗോളില്‍ നാടകീയ വഴിത്തിരിവ്; ഗോളിനായി വമ്പന്മാര്‍ രംഗത്ത്!

ഉറുഗ്വെയ്‌ക്കെതിരായ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചോ ഇല്ലയോയെന്ന തര്‍ക്കത്തിലേക്ക് കടന്നു കയറി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും. ബ്രൂണോയ്ക്ക് ഗോള്‍ അനുവദിച്ച ഫിഫ നടപടി തിരുത്തിക്കാന്‍ ഫെഡറേഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. റൊണാള്‍ഡോയാണ് ഗോളടിച്ചതെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഫിഫയ്ക്ക് നല്‍കാനാണ് നീക്കം.

ഈ ഗോളില്‍ തെളിവു കണ്ടെത്താന്‍ പ്രത്യേക സംഘത്തെ തന്നെ ഫെഡറേഷന്‍ നിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആവശ്യമുള്ള പണം മുടക്കാനും അവര്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. ഫിഫ സംഘത്തിന് തെളിവു നല്‍കി ആ ഗോളിന്റെ ഉടമസ്ഥാവകാശം ബ്രൂണോയില്‍ നിന്ന് റൊണാള്‍ഡോയിലേക്ക് മാറ്റുകയെന്ന ലക്ഷ്യമാണ് പോര്‍ച്ചുഗല്‍ ഫെഡറേഷനുള്ളത്.

മല്‍സരത്തില്‍ ബ്രൂണോ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് യുറുഗ്വായ് പോസ്റ്റില്‍ കടന്നുകയറി. എന്നാല്‍, ക്രോസ് ഷോട്ടിന് ബോക്സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ആ ഗോള്‍ താരത്തിന്റെ പേരില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് സാങ്കേതിക പരിശോധനയില്‍ പന്തില്‍ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു മനസിലാക്കി ബ്രൂണോയുടെ പേരിലേക്ക് ഗോള്‍ മാറ്റുകയുമായിരുന്നു.

എന്നാല്‍, ആ ഗോളടിച്ചത് ക്രിസ്റ്റിയാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കു തന്നെയാണ് താനും ആഘോഷിച്ചത്. അദ്ദേഹം പന്തില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് തോന്നിയതെന്നും ബ്രൂണോ വെളിപ്പെടുത്തി. റോണോയ്ക്ക് ക്രോസ് നല്‍കുക തന്നെയായിരുന്നു എന്റെ ലക്ഷ്യവും. ശക്തരായ എതിരാളികള്‍ക്കെതിരെ വളരെ പ്രധാനപ്പെട്ടൊരു വിജയം സ്വന്തമാക്കാനായി. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുമായി. അതാണ് പ്രധാനപ്പെട്ട കാര്യം-ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

വ്യക്തിഗത നേട്ടങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനു പകരം ടീമിനെ മൊത്തത്തിലാണ് പ്രശംസിക്കേണ്ടതെന്നും താരം സൂചിപ്പിച്ചു. ഇത് ടീം വര്‍ക്കിന്റെ വിജയമാണ്. ടീം ഒന്നാകെ നന്നായി കളിച്ചില്ലെങ്കില്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകില്ല. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ടീം നന്നായി കളിച്ചു. (ഗോള്‍കീപ്പര്‍) ഡിയോഗോ കോസ്റ്റ രണ്ട് പ്രധാനപ്പെട്ട ഷോട്ടുകള്‍ രക്ഷിച്ചു.

അതുകൊണ്ട്, ഓരോ താരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ട് മത്സരങ്ങളില്‍നിന്ന് ആറു പോയിന്റുമായി പോര്‍ച്ചുഗലാണ് മുന്നിലുള്ളത്. മൂന്ന് പോയിന്റുള്ള ഘാന രണ്ടാമതും. ഓരോ പോയിന്റ് വീതം നേടി സൗത്ത് കൊറിയയും യുറുഗ്വേയുമാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

Related Articles

Back to top button