Football

നെയ്മറിന് സൗദിയില്‍ സുഖവാസത്തിനായി 24 മണിക്കൂര്‍ വിമാനം, 25 മുറി വീട്; കണ്ണുതള്ളും ആഡംബരം!!

നെയ്മറിന് സൗദിയില്‍ സുഖവാസത്തിനായി വിമാനം, 25 മുറി വീട്; കണ്ണുതള്ളും ആഡംബരം!!

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മനില്‍ നിന്ന് സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍ എത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനായി ക്ലബ് ഒരുക്കിയിരിക്കുന്നത് അത്യാഡംബര സംവിധാനങ്ങള്‍. എല്ലാതരത്തിലും നെയ്മറിനെ സന്തോഷിപ്പിക്കുന്നതാണ് ക്ലബിന്റെ സംവിധാനങ്ങള്‍.

നെയ്മറിന് വേണ്ടി മാത്രം ഒരു വിമാനം ഒരുക്കി നിര്‍ത്തിയിട്ടുണ്ട് ക്ലബ്. ഇതില്‍ നെയ്മര്‍ക്ക് ലോകത്ത് എവിടെ വേണമെങ്കിലും ചുറ്റാം. സൗദിയില്‍ നിന്നും ബ്രസീലില്‍ പോയി ബന്ധുക്കളെ കണ്ടുവരാനും മറ്റ് നഗരങ്ങളിലേക്ക് മല്‍സരത്തിനായി പോകാനും ഈ വിമാനം ഉപകരിക്കും.

സൗദിയില്‍ നെയ്മറിന് തങ്ങാനായി ഒരുക്കിയിരിക്കുന്നത് 25 മുറികളുള്ള സൂപ്പര്‍ വീടാണ്. ഈ വീട്ടിലേക്കുള്ള പരിചാരകരെ വിട്ടുകൊടുത്തിരിക്കുന്നത് അല്‍ ഹിലാല്‍ ക്ലബാണ്. 24 മണിക്കൂറും നെയ്മര്‍ക്കായി പരിചാരകരുമുണ്ട്.

റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്സ്, ലംബോര്‍ഗിനി ഹുറാകാന്‍ തുടങ്ങിയ ആഡംബര കാറുകളാണ് നെയ്മറിന് ഒരുക്കിയിരിക്കുന്നത്. ഹോട്ടല്‍, റെസ്റ്ററന്റ് ഉള്‍പ്പടെയുള്ള ബില്ലുകള്‍ ക്ലബ് നല്‍കും.

നെയ്മര്‍ അല്‍ ഹിലാലുമായി കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകം ഫുട്‌ബോള്‍ താരത്തിന്റെ പുതിയ കുപ്പായം വാങ്ങുവാന്‍ ആരാധകകരുടെ തിരക്കാണ്. ആരാധകര്‍ സൗദി തലസ്ഥാനമായ റിയാദിലെ ക്ലബ്ബിന്റെ സ്റ്റോറിലേക്ക് ഒഴുകിയെത്തുകയാണ്.

താരത്തിന്റെ നിലവിലെ 10-ാം നമ്പര്‍ ടി ഷര്‍ട്ട് തന്നെയാണ് സൗദി ക്ലബ് അല്‍ ഹിലാല്‍ നല്‍കിയിട്ടുള്ളത്. ടി ഷര്‍ട്ട് വില്‍ക്കുന്ന കടയിലെ ആരാധകരുടെ തിരക്ക് ഇതിനകം ഫോട്ടോയായും വീഡിയോയും പ്രചരിക്കുന്നുണ്ട്. അടുത്ത ദിവസം അല്‍ ഹിലാല്‍ ക്ലബ് സൂപ്പര്‍ താരത്തെ അവതരിപ്പിക്കും.

നെയ്മര്‍ ജൂനിയറുമായി കരാര്‍ ഒപ്പിട്ടതിന്റെ വീഡിയോ അല്‍ ഹിലാല്‍ പോസറ്റ് ചെയ്തിട്ടുണ്ട്. ‘ഞാന്‍ ഇവിടെ സൗദി അറേബ്യയിലാണ്. ഞാന്‍ ഹിലാലിയാണ്” എന്ന് നൈമര്‍ പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളില്‍ ലോകമെമ്പാടുമുള്ള 120 ദശലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ സൗദി അറേബ്യയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോ (451 കോടി രൂപ) നെയ്മറിന് നല്‍കും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വര്‍ഷം നീണ്ട കരാറാണ് നെയ്മര്‍ അവസാനിപ്പിച്ചത്.

2025 വരെയാണ് ക്ലബില്‍ നെയ്മറിന് കരാറുണ്ടായിരുന്നത്. 2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു (2,019 കോടി രൂപ) അന്നത്തെ ട്രാന്‍സ്ഫര്‍. 173 മത്സരങ്ങളില്‍ പിഎസ്ജിക്കായി കളിച്ച നെയ്മര്‍ 118 ഗോളുകള്‍ നേടിയിട്ടുണ്ട്.

Related Articles

Back to top button