Football

ഖത്തറില്‍ മെസിക്ക് പുതിയ അപ്രതീക്ഷിത റൂംമേറ്റ്!

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലേക്ക് ഇനി ശേഷിക്കുന്നത് ഏതാനും മണിക്കൂറിന്റെ അകലം മാത്രം. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസി ലോകകപ്പ് സ്വന്തമാക്കുന്നത് കാണാനായാണ് ആരാധകരുടെ കാത്തിരിപ്പ്.

ഫൈനലില്‍ എന്തുതന്നെ സംഭിവിച്ചാലും ഖത്തര്‍ ലോകകപ്പ് ആയിരിക്കും തന്റെ അവസാന ഫിഫ പോരാട്ടവേദി എന്ന് ലയണല്‍ മെസി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പുതിയൊരു റൂംമേറ്റിലെ ലഭിച്ചു. ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസി ടീം ഹോട്ടലില്‍ ഒരു റൂം തനിച്ചായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത്.

എന്നാല്‍, ഫൈനലിനു മുമ്പ് മെസിയുടെ റൂംമേറ്റ് ആയി പുതിയൊരു ആള്‍ എത്തി. ആരാണെന്നല്ലേ… ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഫുട്ബോളില്‍നിന്ന് വിരമിച്ച സെര്‍ജിയൊ അഗ്വേറോ.

ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ലയണല്‍ മെസിക്ക് സമ്മാനിച്ചത് സെര്‍ജിയൊ അഗ്വേറോ ആയിരുന്നു എന്നതും ശ്രദ്ധേയം. 2021 ഡിസംബര്‍ 15ന് ആയിരുന്നു സെര്‍ജിയൊ അഗ്വേറോ തന്റെ 33-ാം വയസില്‍ ഫുട്ബോള്‍ കളത്തില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. 2021 കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീമില്‍ അംഗമായിരുന്നു സെര്‍ജിയൊ അഗ്വേറോ.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍. ദോഹയിലെ ലൂസൈല്‍ സ്റ്റേഡിയത്തിലാണ് കിരീട പോരാട്ടം. ഫൈനലിനു മുമ്പായി നടത്തിയ അര്‍ജന്റീനയുടെ പരിശീല സെഷനിലും സെര്‍ജിയൊ അഗ്വേറോ പങ്കെടുത്തിരുന്നു.

അഗ്വേറോ അര്‍ജന്റൈന്‍ പരിശീലന ക്യാമ്പിനിടെ വണ്ടര്‍ ഗോള്‍ നേടുന്ന ദൃശ്യം നിക്കോളാസ് ഓട്ടമെന്‍ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സെര്‍ജിയൊ അഗ്വേറോയെ അടക്കം മൂന്ന് കളിക്കാരെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ലോകകപ്പ് ഫൈനലിനു മുമ്പായി ടീമിനൊപ്പം ചേരാന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു.

നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറേയ, ജിയൊവാണി ലോ സെല്‍സൊ എന്നിവരാണ് പ്രത്യേക ക്ഷണിതാക്കളായി ഖത്തര്‍ ലോകകപ്പ് ഫൈനലിന് എത്തുന്നത്. പരിക്കിനെത്തുടര്‍ന്നാണ് ഈ മൂവരും അര്‍ജന്റീനയുടെ 26 അംഗ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത്.

Related Articles

Back to top button