Football

മൂന്നാംസ്ഥാനം അത്ര ചെറുതല്ല; പോക്കറ്റിലെത്തുക കോടികള്‍!!

ഫിഫ ലോകകപ്പില്‍ ഒട്ടും ആവേശകരമല്ലാത്ത മല്‍സരം ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന്. ലോകകപ്പിന്റെ ഫൈനലിന് എത്താന്‍ പറ്റാത്ത രണ്ട് ടീമുകളുടെ പോരാട്ടത്തെ ആരാധകര്‍ക്കും അത്ര താല്‍പ്പര്യമില്ല. എന്നാല്‍ ഫിഫ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിന് അത്ര ചെറിയ പ്രാധാന്യമല്ല നല്‍കുന്നത്.

മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് പ്രൈസ് മണിയായി കിട്ടുക 27 മില്യണ്‍ ഡോളറാണ്. ഏകദേശം 220 കോടി രൂപ വരുമിത്. ചാമ്പ്യന്മാരാകുന്ന ടീമിന് ലഭിക്കുന്നത് 344 കോടി രൂപയാണെന്നത് വച്ചു നോക്കുമ്പോള്‍ അത്ര കുറവൊന്നുമല്ല ഈ തുക.

ഇന്ത്യയുടെ ഒരു വര്‍ഷത്തെ ഫുട്‌ബോള്‍ ബജറ്റ് പോലും 100 കോടി രൂപയാണെന്ന് ഓര്‍ക്കുക. നാലാം സ്ഥാനത്തെത്തുന്ന ടീമിന് കിട്ടുക 204 കോടി രൂപയും. ക്രൊയേഷ്യയും മൊറോക്കോയുമാണ് മൂന്നാം സ്ഥാനത്തിനായി പോരടിക്കുക. മൊറോക്കോയെ സംബന്ധിച്ച് അവരുടെ ഫുട്‌ബോള്‍ വികസനത്തിന് ഈ 244 കോടി രൂപ വലിയ മുതല്‍ക്കൂട്ടാകും.

പല ടീമുകളും ലോകകപ്പിന് യോഗ്യത നേടുന്നതിനെ ആഘോഷിക്കുന്നതിന് കാരണവും ഫിഫയില്‍ നിന്നുള്ള ഈ വരുമാനം കണ്ടു തന്നെയാണ്. ലോകകപ്പില്‍ ഒന്നോ രണ്ടോ കളി ജയിക്കാനായാല്‍ പല ചെറിയ ടീമുകള്‍ക്കും രണ്ടു വര്‍ഷത്തേക്ക് സുഖമായി രാജ്യത്ത് ഫുട്‌ബോള്‍ നടത്തിപ്പിനുള്ള പണം ലഭിക്കും.

ലോകകപ്പില്‍ ഏറ്റവും പിന്നിലായി 32-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിനും കിട്ടും 9 മില്യണ്‍ ഡോളര്‍, അതായത് 74 കോടി രൂപ. ലോകകപ്പ് ക്രിക്കറ്റില്‍ ചാമ്പ്യന്മാര്‍ക്ക് കിട്ടുന്നതിന്റെ ഇരട്ടി വരും ഈ തുക.

Related Articles

Back to top button