Football

അര്‍ജന്റീനയെ അട്ടിമറിച്ച സൗദിക്കാര്‍ക്കുള്ള സമ്മാനം റോള്‍സ് റോയ്സ് ഫാറ്റം!

ഞെട്ടരുത്, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യന്‍ ടീം അംഗങ്ങള്‍ക്ക് സമ്മാനമായി ലഭിക്കുക റോള്‍സ് റോയ്സ് ഫാറ്റം എഡിഷന്‍ കാറുകള്‍. ഭൂഗോളത്തിലെ ഏറ്റവും ആഡംബര വാഹനമായാണ് റോഴ്സ് റോയ്സ് ഫാറ്റം എഡിഷന്‍ കരുതപ്പെടുന്നത്. 4.60 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആണ് റോഴ്സ് റോയ്സ് ഫാന്റത്തിന്റെ വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 8.99 കോടി രൂപ മുതല്‍ 10.48 കോടി രൂപവരെ ആണ് റോള്‍സ് റോയ്സ് ഫാന്റത്തിന്റെ വില എന്നറിയുമ്പോഴാണ് അര്‍ജന്റീനയ അട്ടിമറിച്ച കളിക്കാര്‍ക്കുള്ള സമ്മാനത്തിന്റെ മൂല്യം ശരിക്കും വ്യക്തമാകൂ.

സൗദി അറേബ്യന്‍ രാജാകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ടീം അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും റോള്‍സ് റോയ്സ് ഫാന്റം നല്‍കും എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം രണ്ട് ഗോള്‍ അടിച്ചാണ് സൗദി അറേബ്യ 2-1ന് അര്‍ജന്റീനയെ അട്ടിമറിച്ചത്. ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായി ഇത് രേഖപ്പെടുത്തപ്പെട്ടു. ഖത്തര്‍ ലോകകപ്പ് കിരീട സാധ്യതയില്‍ മുന്‍പന്തിയിലായിരുന്ന ലയണല്‍ മെസിയുടെ അര്‍ജന്റീന അതോടെ പ്രീ ക്വാര്‍ട്ടറിനായുള്ള തന്ത്രപ്പാടിലാണ്.

ഗ്രൂപ്പ് സിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കൂ. പോളണ്ട് ആണ് സൗദി അറേബ്യയുടെ രണ്ടാം മത്സരത്തിലെ എതിരാളി. പോളണ്ടിനെയും കീഴടക്കാന്‍ സാധിച്ചാല്‍ സൗദിക്ക് നോക്കൗട്ടില്‍ പ്രവേശിക്കാം. മെക്സിക്കോയ്ക്ക് എതിരായ മത്സരത്തില്‍ ചുരുങ്ങിയത് അഞ്ച് മാറ്റങ്ങള്‍ എങ്കിലും വരുത്തിയാകും ലിയോണല്‍ സ്‌കലോനി അര്‍ജന്റീനയെ ഇറക്കുക. പ്രതിരോധനിരയില്‍ ആയിരിക്കും സ്‌കലോനി ഏറ്റവും പൊളിച്ചെഴുത്ത് നടത്തു എന്നാണ് റിപ്പോര്‍ട്ട്.

നെഹ്വല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒറ്റമെന്‍ഡി, നിക്കോളാസ് തഗ്ലിയാഫികോ എന്നിവരായിരുന്നു സൗദി അറേബ്യക്ക് എതിരേ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ പ്രതിരോധക്കാര്‍. തഗ്ലിയാഫികോയ്ക്ക് പകരം മാര്‍കോ അകൂനയും റൊമേറൊയ്ക്ക് പകരം ലിസാന്‍ഡ്രൊ മാര്‍ട്ടിനെസും മൊളിനയ്ക്കു പകരം ഗോണ്‍സാലൊ മോണ്ടീലും മെക്സിക്കോയ്ക്ക് എതിരായ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇറങ്ങിയേക്കും.

എയ്ഞ്ചല്‍ ഡി മരി, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രൊ പരേഡസ്, പാപു ഗോമസ് എന്നിവരായിരുന്നു സൗദിക്ക് എതിരായ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ മധ്യനിര താരങ്ങള്‍. അതില്‍ ഗോമസിനു പകരമായി ഏനസൊ ഫെര്‍ണാണ്ടസ് ഇറങ്ങും. പരേഡസിനു പകരമായി ഗുയ്റൊ റോഡ്രിഗസ്, അലെക്സിസ് അല്ലിസ്റ്റര്‍ എന്നിവരില്‍ ആലെങ്കിലും ഇറങ്ങാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലയണല്‍ മെസി, ലൗതാരൊ മാര്‍ട്ടിനെസും ആയിരിക്കും ആക്രമണം നയിക്കുക. മാര്‍ട്ടിനെസ് സൗദിക്ക് എതിരേ നേടിയ ഗോള്‍ ഓഫ് സൈഡ് അല്ലായിരുന്നിട്ടും ഓഫ് സൈഡ് വിധിച്ച് റഫറി റദ്ദാക്കിയിരുന്നു.

Related Articles

Back to top button