FootballISL

ബെംഗളൂരുവിന്റെ ‘ബലഹീനത’യില്‍ അടിച്ച് വുക്കുമനോവിച്ച് തന്ത്രം!!

ഓരോ മല്‍സരത്തിനും കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് ഓരോ തന്ത്രമാണ്. എതിരാളികള്‍ മാറുന്നതിനനുസരിച്ച് തന്ത്രങ്ങളുടെ രീതി മാറും. തൊട്ടു മുമ്പുള്ള മല്‍സരത്തില്‍ ജെംഷഡ്പൂരില്‍ പോയി പന്തിലുള്ള നിയന്ത്രണം എപ്പോഴും കാത്തു സൂക്ഷിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്.

ഒരാഴ്ച്ച കഴിഞ്ഞ് കൊച്ചിയിലെത്തിയപ്പോള്‍ ബെംഗളൂരിനെതിരേ തന്ത്രം അടിമുടി മാറ്റിപ്പണിതു ആശാന്‍. അതും ബെംഗളൂരുന്റെ ഈ സീസണിലെ ബലഹീനത തിരിച്ചറിഞ്ഞ് തന്നെ. ബെംഗളൂരുവിന്റെ ഈ സീസണിലെ കളികള്‍ നോക്കിയാല്‍ ഒരുകാര്യം വ്യക്തം, അവരുടെ പ്രതിരോധം അടിമുടി പാളി നില്‍ക്കുകയാണ്. നല്ലൊരു കൗണ്ടര്‍ അറ്റാക്ക് വന്നാല്‍ ഗോള്‍ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

അവര്‍ കൊച്ചിയില്‍ എത്തും മുമ്പ് വാങ്ങിക്കൂട്ടിയ ഗോളുകളുടെ എണ്ണവും ആ കണക്കിന്റെ നേര്‍സാക്ഷ്യമാണ്. എട്ട് കളിയില്‍ 10 തവണ എതിരാളികള്‍ വലകുലുക്കി. ഗോള്‍ നേടാനുള്ള ബലഹീനതയും വഴങ്ങാനുള്ള ധാരാളിത്വവും അവര്‍ തുടക്കം മുതല്‍ കാണിക്കുന്നു. ഈ ബലഹീനത കൃത്യമായി ഉപയോഗിക്കാന്‍ ദിമിത്രിയോസിനെയും രാഹുലിനെയും ലൂണയെയും കെട്ടഴിച്ചു വിട്ടതിലൂടെ.

കടന്നാക്രമണം വന്നാല്‍ സന്ദേശ് ജിങ്കനൊക്കെ പതറുമെന്ന വുക്കുമനോവിച്ചിന്റെ ചിന്തകള്‍ കൃത്യമാണെന്ന് കളിയുടെ പലഘട്ടങ്ങളിലും കണ്ടു. ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ ദാനം കിട്ടിയതൊഴിച്ചാല്‍ ആദ്യ പകുതിയില്‍ ബെംഗളൂരു കളത്തിലേ ഉണ്ടായിരുന്നില്ലെന്ന് പറയാം. കൂടുതല്‍ നേരം പന്ത് കൈവശം വയ്ക്കുന്നതിനേക്കാള്‍ നല്ലത് നിരന്തര ആക്രമണം നടത്തി ബെംഗളൂരുവിനെ സമ്മര്‍ദത്തിലാക്കാമെന്ന ഐഡിയ കൃത്യമായി ക്ലിക്കാക്കി എടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി.

ആക്രമണം നടത്തുമ്പോള്‍ തന്നെ പ്രതിരോധത്തില്‍ ഒരു പഴുതും കൊടുക്കാതിരിക്കാന്‍ ലസ്‌ക്കോവിച്ചും ഹോര്‍മിപാമും ശ്രദ്ധിച്ചു. ആവശ്യമുള്ളപ്പോള്‍ പ്രതിരോധത്തിലേക്ക് ഇറങ്ങി കളിച്ച കെപി രാഹുല്‍ താനൊരു രത്‌നമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു.

ഛേത്രി, റോയ് കൃഷ്ണ, ഹാവി ഹെര്‍ണാണ്ടസ് തുടങ്ങിയ പ്രഗത്ഭരെ എത്ര നിസാരമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ കാവല്‍ക്കാര്‍ പൂട്ടിയതെന്നതും ശ്രദ്ധേയമാണ്. ഇതിനു മുമ്പ് രണ്ടു തവണ ബ്ലാസ്റ്റേഴ്‌സിനെ മഞ്ഞപ്പട വീഴ്ത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്രമേല്‍ ആധിപത്യത്തോടെ കളിച്ചു ജയിച്ചിട്ടില്ല.

ആദ്യ മല്‍സരങ്ങളിലെ മോശം പ്രകടനങ്ങളില്‍ നിന്നും ലൂണയും സംഘവും തിരിച്ചു വന്നുവെന്ന വ്യക്തമായ സൂചനകളാണ് മഴ പെയ്തിറങ്ങിയ കൊച്ചിയിലെ രാത്രി കാണിച്ചു തന്നിരിക്കുന്നത്. ഈ സീസണില്‍ ഇനി ഏവരും ജാഗ്രതയോടെ എതിരിടേണ്ട ടീമായി കേരളത്തിന്റെ കൊമ്പന്മാര്‍ മാറിയിരിക്കുന്നു. ഈ മൊമന്റം സീസണ്‍ അവസാനം വരെ ടീമിന് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ 9 കളി പൂര്‍ത്തിയാക്കുമ്പോള്‍ 6 ജയം ഉള്‍പ്പെടെ 18 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ഈ ജയത്തോടെ വീണ്ടും ആദ്യ നാലില്‍ എത്താനും ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിനായി. ഒന്നാം സ്ഥാനത്ത് ഒരു മല്‍സരം കൂടുതല്‍ കളിച്ച ഹൈദരാബാദ് എഫ്‌സിയുമായി വെറും നാല് പോയിന്റ് മാത്രം പിന്നിലാണ് ടീം ഇപ്പോള്‍.

Related Articles

Back to top button