Cricket

മൂന്ന് കീപ്പര്‍മാരും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലില്ല; ദ്രാവിഡിന്റെ പദ്ധതികള്‍ രാഹുലില്‍?

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ടീമിനെ ഒരുക്കുന്നതിലേക്ക് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് കടന്നുവെന്ന സൂചനകളാണ് ബംഗ്ലാദേശിനെതിരായ പരമ്പര നല്‍കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് കെഎല്‍ രാഹുലിനെ ടീം മാനേജ്‌മെന്റ് വിക്കറ്റ് കീപ്പറുടെ റോള്‍ ഏല്‍പ്പിച്ചതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു.

അടുത്ത ലോകകപ്പിലേക്ക് രാഹുലായിരിക്കും ഒന്നാം നമ്പര്‍ കീപ്പര്‍. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിഷാഭ് പന്ത് എന്നിവരിലൊരാള്‍ ബാക്കപ്പ് കീപ്പര്‍ മാത്രമായുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന നിഗമനത്തിലാണ് ക്രിക്കറ്റ് ലോകം. രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതിലൂടെ ശിഖര്‍ ധവാനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു.

രാഹുലിനോ ധവാനോ പരിക്കേറ്റാല്‍ ആദ്യ ഇലവനിലേക്കുള്ള സ്വഭാവിക സെലക്ഷനായി പന്ത് തന്നെ മാറും. കാരണം, ഇടംകൈയന്‍ ബാറ്റ്‌സ്മാനെന്നതും കോച്ചിന്റെ പിന്തുണയുള്ളതും പന്തിന്റെ അധിക യോഗ്യതയാണ്. ഇഷാന്‍ കിഷനും ഇടംകൈയനെങ്കിലും ടീം മാനേജ്‌മെന്റിന് താരത്തില്‍ വലിയ താല്പര്യം ഇതുവരെ വന്നിട്ടില്ല.

സഞ്്ജുവിനെ സംബന്ധിച്ച് ഏകദിന ടീമിലേക്ക് സ്ഥിരമായൊരു വിളി വരാനുള്ള സാധ്യതകള്‍ ദുര്‍ബലമാകുകയാണ്. ആറാംസ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഒരു ഓള്‍റൗണ്ടറെ തന്നെയാകും ടീം മാനേജ്‌മെന്റ് നിയോഗിക്കുക.

ഹര്‍ദിക് പാണ്ഡ്യയ്ക്ക് സ്ഥിരമായി പത്ത് ഓവര്‍ എറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷ ടീം മാനേജ്‌മെന്റിന് ഇല്ലെന്നത് തന്നെ കാരണം. അടിക്കടി പരിക്കേല്‍ക്കുന്ന ഹര്‍ദിക്കില്‍ മാത്രം ആശ്രയിച്ച് ലോകകപ്പ് ടീമിനെ ഒരുക്കാന്‍ സാധിക്കില്ലെന്നതും ഘടകമാണ്.

സഞ്ജുവിനെ സംബന്ധിച്ച് ഏകദിനത്തേക്കാള്‍ ട്വന്റി-20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതം. ട്വന്റി-20 യില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ മാറിനില്‍ക്കുമെന്ന് ഉറപ്പായതും അടുത്ത ലോകകപ്പിന് രണ്ടു വര്‍ഷം മാത്രമാണ് ബാക്കിയുള്ളുവെന്നതും സഞ്ജുവിന് അനുകൂല ഘടകമാണ്. 2024 ല്‍ വിന്‍ഡീസിലും അമേരിക്കയിലും ആയിട്ടാണ് അടുത്ത ടി20 ലോകകപ്പ്.

സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അടുത്ത ഐപിഎല്‍ സീസണ്‍ നിര്‍ണായകമായി മാറും. സ്ഥിരതയോടെ ലീഗിന്റെ തുടക്കം മുതല്‍ അവസാനം വരെ കളിക്കാനായാല്‍ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കാതെ വരും. പലപ്പോഴും ഐപിഎല്ലിന്റെ തുടക്കത്തിലെ പ്രകടനം അവസാനം വരെ നിലനിര്‍ത്താന്‍ മലയാളി താരത്തിന് സാധിക്കാതെ വരുന്നത് നെഗറ്റീവായി പരിഗണിക്കാറുണ്ട്.

Related Articles

Back to top button