Football

എന്തൊരു നീളം!! ലോകകപ്പില്‍ എക്‌സ്ട്ര ടൈം കൂടുന്നതിന് കാരണമുണ്ട്!

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്നത് നാലു മല്‍സരങ്ങളാണ്. ഓരോ മല്‍സരം കഴിയുന്തോറും ലോകകപ്പ് കൂടുതല്‍ ആവേശകരമാകുകയാണ്. എന്നാല്‍ ഇതേ ആവേശത്തിനൊപ്പം മല്‍സരങ്ങളുടെ ദൈര്‍ഘ്യവും കൂടുന്നുണ്ട്. ഇംഗ്ലണ്ട്-ഇറാന്‍ മല്‍സരം അവസാനിച്ചത് 24 മിനിറ്റിന്റെ ഇഞ്ചുറി ടൈം കൂടി ചേര്‍ത്താണ്. എല്ലാ മല്‍സരങ്ങളും തന്നെ ഇത്തരത്തില്‍ അധിക സമയം കൂടിയിട്ടുണ്ട്.

ഇംഗ്ലണ്ട്-ഇറാന്‍ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ 14 മിനിറ്റാണ് അധികം നല്‍കിയത്. രണ്ടാം പകുതിയില്‍ പത്തു മിനിറ്റും അധികം കളിക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ ഇറാന്‍ ഗോള്‍കീപ്പര്‍ പരിക്കേറ്റ് മടങ്ങിയതാണ് കളിയുടെ ദൈര്‍ഘ്യം കൂടാന്‍ കാരണം.

ലോകകപ്പില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളിലായി 57 മിനിറ്റാണ് അധിക സമയം നല്‍കിയത്. ഓരോ മണിക്കൂറിലും 7 മിനിറ്റിലധികം അധികസമയം ഇങ്ങനെ നല്‍കി. ഇത് സര്‍വകാല റിക്കാര്‍ഡാണ് ലോകകപ്പ് ചരിത്രത്തില്‍. ഇത്തരത്തില്‍ അധികസമയം നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ച് ആരാധകര്‍ക്കിടയില്‍ വാഗ്വാദം നടക്കുന്നുണ്ട്.

ആരാധകര്‍ വലിയ പണം മുടക്കി കളി കാണുന്നത് ആസ്വദിക്കാന്‍ വേണ്ടിയാണ്. പലപ്പോഴും കളിക്കളത്തില്‍ നഷ്ടപ്പെടുന്ന സമയത്തിന് പകരം നല്‍കുന്നത് പോരായിരുന്നുവെന്ന് മുന്‍ റഫറി ഇറ്റലിക്കാരന്‍ പിയര്‍ലൂഗി കോളിന പറയുന്നു. ഇത്തവണ കൂടുതല്‍ സമയം നല്‍കുന്നത് നല്ല കാര്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതുപോലെ തന്നെ ഗോളടിച്ച ശേഷമുള്ള ആഘോഷങ്ങളുടെ ദൈര്‍ഘ്യം കൂടുന്നതും അധികസമയം കൂടാന്‍ കാരണമാകുന്നുവെന്ന് കോളിന വ്യക്തമാക്കുന്നു. ഈ ലോകകപ്പില്‍ ആറോ ഏഴോ മിനിറ്റ് അധികസമയം അനുവദിക്കപ്പെടുന്നത് സാധാരണ കാഴ്ച്ചയായി മാറും. കൂടുതല്‍ പരിക്കുകള്‍ വരുന്നതും ഇഞ്ചുറി ടൈമിന്റെ ദൈര്‍ഘ്യം വര്‍ധിക്കുന്നതിന് ഇടയാക്കും.

Related Articles

Back to top button