Football

കെപിഎല്ലില്‍ വിദേശ താരങ്ങള്‍ക്ക് വിലക്ക്; ‘യഥാര്‍ത്ഥ’ ക്ലബുകള്‍ക്ക് സന്തോഷം!

കേരള പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം വച്ച് കളിക്കുന്നൊരു ക്ലബാണ് കോവളം എഫ്‌സി. അവരുടെ ടീമിലെ ഭൂരിപക്ഷം താരങ്ങളും കേരളത്തില്‍ നിന്നുള്ളവരാണ്. ഇതുപോലെ മറ്റ് ചില കെപിഎല്‍ ടീമുകളുമുണ്ട്. എന്നാല്‍ ചില കോര്‍പറേറ്റ് കമ്പനികള്‍ നടത്തുന്ന ക്ലബുകളില്‍ വിദേശ താരങ്ങളുടെ കുത്തൊഴുക്കാണ്. ലക്ഷങ്ങള്‍ മുടക്കി നൈജീരിയയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ കളിക്കാരെ കൊണ്ടുവന്ന ക്ലബുകള്‍ക്ക് പക്ഷേ ഇത്തവണ വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്.

സംസ്ഥാന ലീഗുകളില്‍ വിദേശ താരങ്ങള്‍ വേണ്ടെന്ന് എഐഎഫ്എഫ് തീരുമാനിച്ചതോടെ കേരള പ്രീമിയര്‍ ലീഗിലെ 80 ശതമാനം ക്ലബുകള്‍ക്കും തിരിച്ചടിയാകും. ഇവിടെയാണ് കോവളം എഫ്‌സിയെ പോലുള്ള ക്ലബുകള്‍ പ്രസക്തമാകുന്നത്. തദേശീയ താരങ്ങളെ ചെറുപ്പത്തിലെ കണ്ടെത്തി തങ്ങളുടെ അക്കാഡമിയിലെത്തിച്ച് പരിശീലനം നല്‍കിയാണ് കോവളം പോലുള്ള ക്ലബുകള്‍ കളിക്കാരെ വളര്‍ത്തിയെടുക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ബിജോയ് വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ കളി പഠിച്ചത് കോവളത്തിന്റെ അക്കാഡമിയില്‍ നിന്നാണ്.

ഈ ക്ലബുകള്‍ കെപിഎല്ലില്‍ എത്തുന്നത് വളരെ ചെറിയ വാര്‍ഷിക ബജറ്റുമായിട്ടാണ്. ഒന്നരക്കോടി രൂപ വരെ ബജറ്റുള്ള ക്ലബുകളുമായി പടപെട്ടിയാണ് ഇത്തരം സാമ്പത്തികഭദ്രത കുറവുള്ള ക്ലബുകള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും തടിമിടുക്കിന്റെയും പണക്കൊഴുപ്പിന്റെയും മുന്നില്‍ രണ്ടാംനിര (പണത്തില്‍മാത്രം) പിന്നിലേക്ക് പോകുന്നു.

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ നിയമം പണത്തിന് മുന്‍തൂക്കം നല്‍കാതെ കളിക്ക് വേണ്ടി ക്ലബ് നടത്തുന്നവരെ സന്തോഷിപ്പിക്കുന്നതാണ്. ചെറിയ ചെറിയ ക്ലബുകളില്‍ കളിക്കുന്നത് പ്രതിഭയുള്ള മലയാളി താരങ്ങളാണ്. ഇത്തരം ക്ലബുകള്‍ക്ക് കൂടുതല്‍ ഉയര്‍ന്നു വരാന്‍ പുതിയ നിയമം സഹായിക്കും. കേരള ഫുട്‌ബോളിന് അതു ഗുണം മാത്രമേ സമ്മാനിക്കുകയുള്ളൂ.

മറ്റൊരു പ്രധാന നേട്ടമെന്നത് ക്ലബുകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഈ നിയമം വഴി സാധിക്കും. മുമ്പ് പല മല്‍സരങ്ങളും ഏകപക്ഷീമായി തീരുന്ന അവസ്ഥയായിരുന്നു കെപിഎല്ലില്‍. ടീമുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഘടകം വിദേശ താരങ്ങളുടെ സാന്നിധ്യമായിരുന്നു.

വര്‍ഷം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുമായി ദിവസബത്ത 500 രൂപ പോലും കിട്ടാത്ത ക്ലബുകളിലെ താരങ്ങള്‍ മല്‍സരിച്ചാല്‍ എന്താകും അവസ്ഥയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്തായാലും കെപിഎല്ലിന്റെ യഥാര്‍ത്ഥ ആരാധകര്‍ക്കും ക്ലബുകള്‍ക്കും സന്തോഷം പകരുന്ന തീരുമാനമാണ് വന്നിരിക്കുന്നതെന്ന് നിസംശയം പറയാനാകും.

Related Articles

Back to top button