Cricket

ഹോ എന്തൊരു പ്രായം! ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് വെറ്ററന്‍സ് മയം!!

ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയവരുടെ സംഘവുമായി രോഹിത് ശര്‍മയും ടീം ഓസ്‌ട്രേലിയയ്ക്ക് വിമാനം കയറുന്നത്. ടീമിന്റെ ശരാശരി പ്രായം 30.26 ആണ്! ഇത്രയും ശരാശരി പ്രായമുള്ള മറ്റൊരു ടീമും ലോകകപ്പിന് വരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ റണ്‍സിനും വലിയ പ്രാധാന്യമുള്ള ട്വന്റി-20യില്‍ ഈ പ്രായക്കൂടുതല്‍ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.

15 അംഗ ടീമില്‍ വെറും 6 താരങ്ങളാണ് 30ന് താഴെയുള്ളവര്‍. കൂട്ടത്തില്‍ ബേബി 23 കാരനായ ബൗളര്‍ അര്‍ഷദീപ് സിംഗും. മൂന്നുപേര്‍ 35 പിന്നിട്ടവരാണ്. ക്യാപ്റ്റന്‍ രോഹിത്, രവിചന്ദ്ര അശ്വിന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ഇവര്‍. 37 ലെത്തി നില്‍ക്കുന്ന കാര്‍ത്തിക്കാണ് ടീമിലെ സീനിയറും. ഇത്രയും പ്രായക്കൂടുതലുള്ള ടീമുമായി ലോകകപ്പില്‍ അത്ഭുതം കാണിക്കാമെന്ന വിശ്വാസം ആരാധകര്‍ക്ക് പോലും ഉണ്ടെന്ന് തോന്നുന്നില്ല.

ഏഷ്യാകപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി ഉണ്ടായ മേഖല ഫീല്‍ഡിംഗിലായിരുന്നു. നിരവധി ക്യാച്ചുകള്‍ കൈവിട്ടെന്ന് മാത്രമല്ല, ഒട്ടനവധി റണ്‍സും ഫീല്‍ഡില്‍ കളഞ്ഞു കുളിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനം മല്‍സര ഫലത്തിലും ഉണ്ടായെന്നും കാണാം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി-20 യില്‍ മൂന്ന് അനായാസ ക്യാച്ചുകളാണ് ഫീല്‍ഡര്‍ നിലത്തിട്ടത്.

ഒരുപക്ഷേ അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഒരു ജനറേഷന്‍ മാറ്റത്തിന്റെ വേദിയാകാനാണ് സാധ്യത. ടീം സെമി കടന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് അടക്കമുള്ള താരങ്ങള്‍ കുട്ടിക്രിക്കറ്റില്‍ നിന്നെങ്കിലും പുറത്തു പോകും. കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിക്കാന്‍ ഈ ലോകകപ്പിന് ശേഷം സെലക്ടര്‍മാര്‍ തയാറായേക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button