Football

ഒടുവില്‍ പന്ത് നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍, റോണോയെ തള്ളി!! അഡിഡാസ് പറയുന്നതിങ്ങനെ

ഉറുഗ്വെയ്‌ക്കെതിരേ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളിലേക്ക് ലോകകപ്പ് ഫുട്‌ബോളിന്റെ ശ്രദ്ധയത്രയും മാറിയിരിക്കുന്നു. എവിടെയും ചര്‍ച്ച റൊണാള്‍ഡോയുടെ ഗോള്‍ വാദവും ഗോളുമാണ്. ഇപ്പോഴിതാ ആധികാരികമായ വെളിപ്പെടുത്തലുമായി അഡിഡാസ് രംഗത്തെത്തിയിരിക്കുന്നു. ഉറുഗ്വെയ്‌ക്കെതിരായ ഗോളില്‍ റൊണാള്‍ഡോയുടെ സ്പര്‍ശം കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ഔദ്യോഗിക ലോകകപ്പ് പന്ത് നിര്‍മാതാക്കളായ അഡിഡാസ് അറിയിച്ചിരിക്കുന്നത്.

സെന്‍സര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ലോകകപ്പില്‍ ഉപയോഗിച്ചിരിക്കുന്ന പന്ത് നിര്‍മിച്ചിരിക്കുന്നത്. 500 hz സെര്‍സര്‍ പന്തിനകത്തുണ്ട്. ഈ സെര്‍സറുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കും. അഡിഡാസ് നടത്തിയ ട്രാക്കിംഗിലാണ് പന്ത് ഒരിഞ്ചു പോലും റൊണാള്‍ഡോയുടെ തലയില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.

അഡിഡാസ് തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക വാര്‍ത്ത കുറിപ്പ് തന്നെയിറക്കി. തങ്ങള്‍ ലോകകപ്പ് പന്ത് വിശദമായി പരിശോധിച്ചു. എന്നാല്‍ ആ ഗോളിലേക്കുള്ള യാത്രയില്‍ പന്ത് റൊണാള്‍ഡോയുടെ മുടിയില്‍ നിന്നും തട്ടിയിട്ടില്ല. ചെറിയൊരു അനക്കം പോലും പിടിച്ചെടുക്കാവുന്ന ടെക്‌നോളജിയാണ് പന്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പന്തിലെ ഒരു ഇലയനക്കം കണ്ടുപിടിക്കാമെന്നിരിക്കേ മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍ വന്നിരിക്കുന്നത്.

അതേസമയം, ഉറുഗ്വെയ്‌ക്കെതിരായ മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചോ ഇല്ലയോയെന്ന തര്‍ക്കത്തിലേക്ക് കടന്നു കയറി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും. ബ്രൂണോയ്ക്ക് ഗോള്‍ അനുവദിച്ച ഫിഫ നടപടി തിരുത്തിക്കാന്‍ ഫെഡറേഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. റൊണാള്‍ഡോയാണ് ഗോളടിച്ചതെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഫിഫയ്ക്ക് നല്‍കാനാണ് നീക്കം.

ഈ ഗോളില്‍ തെളിവു കണ്ടെത്താന്‍ പ്രത്യേക സംഘത്തെ തന്നെ ഫെഡറേഷന്‍ നിയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആവശ്യമുള്ള പണം മുടക്കാനും അവര്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. ഫിഫ സംഘത്തിന് തെളിവു നല്‍കി ആ ഗോളിന്റെ ഉടമസ്ഥാവകാശം ബ്രൂണോയില്‍ നിന്ന് റൊണാള്‍ഡോയിലേക്ക് മാറ്റുകയെന്ന ലക്ഷ്യമാണ് പോര്‍ച്ചുഗല്‍ ഫെഡറേഷനുള്ളത്.

മല്‍സരത്തില്‍ ബ്രൂണോ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് യുറുഗ്വായ് പോസ്റ്റില്‍ കടന്നുകയറി. എന്നാല്‍, ക്രോസ് ഷോട്ടിന് ബോക്സിനകത്ത് ക്രിസ്റ്റ്യാനോ തലവച്ചിരുന്നു. ഗോളിനു പിന്നാലെ ക്രിസ്റ്റ്യാനോ ആഘോഷവും തുടങ്ങി. ഫിഫയടക്കം ആ ഗോള്‍ താരത്തിന്റെ പേരില്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് സാങ്കേതിക പരിശോധനയില്‍ പന്തില്‍ ക്രിസ്റ്റ്യാനോയുടെ തല തട്ടിയില്ലെന്നു മനസിലാക്കി ബ്രൂണോയുടെ പേരിലേക്ക് ഗോള്‍ മാറ്റുകയുമായിരുന്നു.

എന്നാല്‍, ആ ഗോളടിച്ചത് ക്രിസ്റ്റിയാനോ തന്നെയാണെന്നാണ് താനും കരുതിയതെന്നാണ് മത്സരശേഷം ബ്രൂണോ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയുടെ ഗോളെന്ന നിലയ്ക്കു തന്നെയാണ് താനും ആഘോഷിച്ചത്. അദ്ദേഹം പന്തില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നാണ് തോന്നിയതെന്നും ബ്രൂണോ വെളിപ്പെടുത്തി.

Related Articles

Back to top button