Football

കപ്പിലെങ്കിലെന്താ… ഇംഗ്ലണ്ട് ഖത്തറില്‍നിന്ന് മടങ്ങുന്നത് പൂച്ചക്കുട്ടിയുമായി!

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിലെ സൂപ്പര്‍ ഫെവറേറ്റുകളില്‍ ഒന്നായിരുന്നു ഗാരെത് സൗത്ത്ഗേറ്റ് പരിശീലിപ്പിച്ച ഇംഗ്ലണ്ട്. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, ഫില്‍ ഫോഡന്‍, ജൂഡ് ബെല്ലിംഗ്ഹാം, മാര്‍ക്കസ് റാഷ്ഫോഡ്, റഹീം സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ് എന്നിങ്ങനെ ഒരു വമ്പന്‍ താരനിരയായിരുന്നു ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്.

അതുകൊണ്ടു തന്നെ കപ്പ് ഫേവറേറ്റുകളായി ഇംഗ്ലണ്ടും മുന്‍പന്തിയില്‍ ഇരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഇംഗ്ലണ്ടിന്റെ വഴിക്ക് ആയിരുന്നില്ല. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് 2-1ന്റെ തോല്‍വിയോടെ ഇംഗ്ലണ്ട് പുറത്ത്.

ആദ്യ പെനല്‍റ്റി ഗോളാക്കിയ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ രണ്ടാം പെനല്‍റ്റി നഷ്ടപ്പെടുത്തിയതും നിശ്ചിത സമയത്ത് ഇംഗ്ലണ്ട് തോല്‍ക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാര്യങ്ങള്‍ എന്തുതന്നെയാണെങ്കിലും 1966നുശേഷം ഒരു ലോകകപ്പ് ട്രോഫി എന്ന ഇംഗ്ലീഷ് സ്വപ്നം നീളുകയാണ്.

ലോകകപ്പ് ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ഖത്തറില്‍നിന്ന് ഇംഗ്ലണ്ട് ടീം മടങ്ങുന്നത് വെറുംകൈയോടെ അല്ല. ഖത്തറിലെ ആദ്യ നാളുകളില്‍ തങ്ങള്‍ക്ക് ഒപ്പം കൂടിയ പൂച്ചയുമായാണ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് മടങ്ങിയത്.

ടീം ഹോട്ടല്‍ പരിസരത്തെ ട്രെയ്നിംഗ് ഗ്രൗണ്ടില്‍വച്ചാണ് ഈ പൂച്ച ഇംഗ്ലീഷ് കളിക്കാര്‍ക്ക് ഒപ്പം കൂടിയത്. ഡിഫെന്‍ഡര്‍ കെയ്ല്‍ വാക്കറും ജോണ്‍ സ്റ്റോണ്‍സുമാണ് പൂച്ചയെ കൂടെക്കൂട്ടിയതും ഡേവ് എന്ന് പേരിട്ടതും. ഇംഗ്ലണ്ടിന്റെ ഖത്തറിലെ നാല് ആഴ്ചയും ഡേവ് ടീമിനൊപ്പം ഉണ്ടായിരുന്നു. ടീം ബസിലും മറ്റുമായി ഒപ്പമുണ്ടായിരുന്ന പൂച്ച ഭക്ഷണത്തിനായി ഇംഗ്ലീഷ് താരങ്ങളെ കാത്തിരിക്കമായിരുന്നു എന്നതും ശ്രദ്ധേയം.

കെയ്ല്‍ വാക്കറും സ്റ്റോണ്‍സും ചേര്‍ക്ക് പൂച്ചയെ തങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തി. ഇംഗ്ലീഷ് എഫ്എയെ കാര്യംധരിപ്പിച്ചു. അവിടുന്ന് പച്ചക്കൊടി ലഭിച്ചതോടെ ഡേവ് എന്ന പൂച്ച ഖത്തറില്‍നിന്ന് ലണ്ടനിലേക്ക് പറന്നു. ക്വാര്‍ട്ടര്‍ ഫൈനലിനു മുമ്പ് ഡേവും മറ്റൊരു പൂച്ചയുമായി അടിപിടി ഉണ്ടായിരുന്നു.

ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മത്സരത്തിനു മുമ്പുള്ള പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ ചിരിയോടെ ചോദിച്ചിരുന്നു എന്നതും ശ്രദ്ധേയം. ഏതായാലും ഇംഗ്ലണ്ട് ടീമിന്റെ വിമാനം പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുശേഷം ഡേവും ഇംഗ്ലണ്ടിലേക്ക് പറന്നു. വാക്സിനേഷന്‍, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവയ്ക്കുശേഷമാണ് ഡേവ് ലണ്ടനിലേക്ക് പറന്നത്.

 

Related Articles

Back to top button