Cricket

ചെന്നൈയെ ചതിച്ചത് ആ ഒറ്റക്കാര്യം!! തുറന്നു പറച്ചിലുമായി എബി ഡിവില്ലിയേഴ്‌സ്

ഇത്തവണ ചെന്നൈ പ്ലേ ഓഫ് കളിക്കാഞ്ഞതിനു കാരണം എംഎസ് ധോണി ക്യാപ്റ്റനല്ലാഞ്ഞതിനാലാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്.

പ്ലെയിംഗ് ഇലവന്റെ ഭാഗമാണെങ്കില്‍ എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കണമെന്നും മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബാറ്റര്‍ പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയോട് 27 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. പ്ലേഓഫ് യോഗ്യതയ്ക്കായി അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ആദ്യ പന്ത് നേരിട്ട എംഎസ് ധോണി സ്റ്റേഡിയത്തിനു വെളിയിലേക്ക് സിക്‌സര്‍ പറത്തിയിരുന്നു.

എന്നാല്‍ അടുത്ത പന്തില്‍ ധോണി പുറത്തായതിനു പിന്നാലെ ചെന്നൈയുടെ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു. അവസാന നാലു പന്തില്‍ ഒരു റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

തന്റെ കരിയറിന്റെ അവസാന ഘട്ടമായെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ധോണി ചെന്നൈ നായക സ്ഥാനം ഈ സീസണില്‍ ഋതുരാജിന് നല്‍കുക ആയിരുന്നു. ഗെയ്ക്വാദ് മികച്ച രീതിയില്‍ കളിച്ചെങ്കിലും തന്റെ ടീമിനെ പ്ലേഓഫിലേക്ക് നയിക്കാനായില്ല.

എംഎസ് ധോണി ക്യാപ്റ്റനായി ഇല്ലാത്തത് ചെന്നൈയെ ബാധിച്ചെന്ന് ഡിവില്ലേഴ്സ് പറഞ്ഞു. ഐപിഎല്‍ 2022ല്‍ രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനം നല്‍കിയത് എങ്ങനെയാണ് തിരിച്ചടിച്ചതെന്നും ഇടക്ക് വെച്ചിട്ട് ധോണിക്ക് വീണ്ടും നേതൃത്വം എടുക്കേണ്ടി വന്നതെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അനുസ്മരിച്ചു.

”ധോണി നായകനായി വരാത്തത് ചെന്നൈയെ ബാധിച്ചു. പണ്ട് ജഡേജയെ നായകനാക്കി നടത്തിയ പരീക്ഷണം പാളിയതു പോലെയാണ് ഇത്തവണയും സംഭവിച്ചത്.

”ഭൂരിഭാഗം ഗെയിമുകളും അവര്‍ നന്നായി കളിച്ചു, പക്ഷേ അവര്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടിയില്ല,” അദ്ദേഹം തുടര്‍ന്നു. ”ഇത് തീര്‍ച്ചയായും ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി കൊണ്ടല്ല. എംഎസ് ഉള്ളപ്പോള്‍ അദ്ദേഹം ക്യാപ്റ്റനായിരിക്കണമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.” ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. അദ്ദേഹം നായകനായ 226 മത്സരങ്ങളില്‍ 133 എണ്ണത്തിലും ടീമിനെ വിജയിപ്പിക്കാനായി.

Related Articles

Back to top button