FootballISL

ചെറിയ പണത്തില്‍ തട്ടി ‘മുടങ്ങിയ’ സൈനിംഗ് ബ്ലാസ്‌റ്റേഴ്‌സിനെ തലവര മാറ്റി!!

ചില കാര്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആദ്യം ചിലപ്പോള്‍ നിരാശ ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ ഭാവിയില്‍ ആ നഷ്ടം നേട്ടത്തിന് വഴിയൊരുക്കുന്നത് പലപ്പോഴും സംഭവിച്ചിട്ടുള്ള കാര്യമാണ്. ഇത്തരത്തിലൊന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളായ റോയ് കൃഷ്ണയുടെ നടക്കാതെ പോയ വരവ്.

ഒരുവേള കരാര്‍ ഉറപ്പിക്കുന്നതിന്റെ അടുത്തെത്തിയ ചര്‍ച്ചകളായിരുന്നു കൃഷ്ണയുടെ കാര്യത്തില്‍ നടന്നത്. എന്നാല്‍ ചില ചില്ലറ കാര്യങ്ങളില്‍ ചര്‍ച്ച വഴിമുട്ടുകയും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് ഈ കരാറില്‍ നിന്ന് പിന്മാറുകയുമായിരുന്നു. ക്ലബ് മാനേജ്‌മെന്റാകട്ടെ എസ്ഡിയുടെ ഒപ്പം നിന്നു. അന്ന് കൃഷ്ണയ്ക്ക് പകരം ടീമിലെത്തിച്ചവര്‍ ഇപ്പോള്‍ ചുറുചുറുക്കോടെ നിറഞ്ഞു കളിക്കുകയാണ് മഞ്ഞ ജേഴ്‌സിയില്‍.

അന്ന് ബ്ലാസ്‌റ്റേഴ്‌സ് ഓഫര്‍ നിരസിച്ച് ബെംഗളൂരുവിലെത്തിയ റോയ് നനഞ്ഞ പടക്കത്തിന്റെ അവസ്ഥയിലാണ് സീസണില്‍ ഇതുവരെ. കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ പോയിട്ട് നല്ലൊരു അസിസ്റ്റ് പോലും ഈ ഫിജി താരത്തില്‍ നിന്നും വരുന്നില്ല. ഗോളടിക്കാന്‍ ഇന്ത്യന്‍ എക്‌സ്പീരിയന്‍സ് മാത്രം പോരെന്ന എസ്ഡിയുടെ തിരിച്ചറിവ് തന്നെയാണ് ഇക്കാര്യത്തില്‍ വിജയിച്ചത്.

പ്രായം കൂടുന്തോറും കാലുകളുടെ വീര്യം കുറയുമെന്ന തിരിച്ചറിവ് എസ്ഡിക്ക് കൃത്യമായി ഉണ്ടായിരുന്നു. ബെര്‍ബറ്റോവ് ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സ് മുമ്പ് കൊണ്ടുവന്ന വമ്പന്‍ പേരുകാരുടെ അനുഭവം ഉള്ളതിനാല്‍ എസ്ഡിയുടെ വാക്കുകള്‍ക്ക് ക്ലബ് മാനേജ്‌മെന്റ് പ്രാധാന്യം നല്‍കി. അന്നെടുത്ത തീരുമാനം തെറ്റിയില്ലെന്ന് ബെംഗളൂരുവിന്റെ ഈ സീസണിലെ പ്രകടനം അടിവരയിരുന്നു.

ഈ സീസണില്‍ ഫ്‌ളോപ്പാകുമെന്ന് ചിലരെങ്കിലും കരുതിയ ദിമിത്രിയോസ് തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങളിലും ഗോളടിച്ച് തന്നെ അവിശ്വസിച്ചവരെ ഗോള്‍വര കടത്തി. കഴിഞ്ഞ സീസണില്‍ അല്‍വാരോ വാസ്‌കസും പെരേര ഡയസും ബാക്കി വച്ചിടത്തു നിന്നാണ് ദിമി യാത്ര തുടങ്ങുന്നത്. കിട്ടുന്ന കളിക്കാരെ ശരിയായി വിനിയോഗിക്കുന്നതില്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും കൊടുക്കാം ഒരു കൈയ്യടി.

ഈ സീസണില്‍ ഇനി ഏവരും ജാഗ്രതയോടെ എതിരിടേണ്ട ടീമായി കേരളത്തിന്റെ കൊമ്പന്മാര്‍ മാറിയിരിക്കുന്നു. ഈ മൊമന്റം സീസണ്‍ അവസാനം വരെ ടീമിന് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ 9 കളി പൂര്‍ത്തിയാക്കുമ്പോള്‍ 6 ജയം ഉള്‍പ്പെടെ 18 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ഈ ജയത്തോടെ വീണ്ടും ആദ്യ നാലില്‍ എത്താനും ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിനായി. ഒന്നാം സ്ഥാനത്ത് ഒരു മല്‍സരം കൂടുതല്‍ കളിച്ച ഹൈദരാബാദ് എഫ്‌സിയുമായി വെറും നാല് പോയിന്റ് മാത്രം പിന്നിലാണ് ടീം ഇപ്പോള്‍.

 

Related Articles

Back to top button