Football

അത് എനിക്ക് വല്ലാത്ത ഹരമാണ്! യൂറോ പോരാട്ടത്തിനു മുമ്പ് മനസ് തുറന്ന് റൊണാള്‍ഡോ…

യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനു മുന്‍പ് മനസ് തുറന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിനെ കുറിച്ചുള്ള പ്രതീക്ഷയാണ് സിആര്‍7 പങ്കുവച്ചത്. 2016 യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ രണ്ടാം യൂറോപ്യന്‍ കിരീടം എന്ന സ്വപ്നവുമായാണ് ജര്‍മനിയില്‍ എത്തിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പിഎസ്ജിയുടെ വിറ്റിഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡൊ സില്‍വ, റൂബെന്‍ ഡിയസ്, ലിവര്‍പൂളിന്റെ ഡിയേഗൊ ജോട്ട, ബെന്‍ഫികയുടെ ജാവൊ നെവെസ് എന്നിങ്ങനെ നീളുന്നു 2024 യൂറോ കപ്പ് പോരാട്ടത്തിന് എത്തുന്ന പോര്‍ച്ചുഗലിന്റെ താര സമ്പത്ത്.

‘പോര്‍ച്ചുഗലിന്റെ ഈ ടീം യൂറോ കപ്പ് സ്വന്തമാക്കാന്‍ എന്തുകൊണ്ടും അര്‍ഹതപ്പെട്ടതാണ്. പടിപടിയായി മുന്നോട്ട് പോകുകയാണ് പ്രധാനം. അവസാനം വരെ ഒറ്റ ലക്ഷ്യത്തിനായി പരിശ്രമിക്കും. അതിനായി ടീം റെഡിയാണ്’- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

റിക്കാര്‍ഡുകള്‍ തനിക്ക് ഹരമാണെന്നും അത് ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ യൂറോ കപ്പ് കളിക്കുന്ന താരം (ആറ് തവണ) എന്ന നേട്ടം ഇത്തവണ സിആര്‍7 സ്വന്തമാക്കും. മാത്രമല്ല, ഗോള്‍ നേടിയാല്‍ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനായും 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

2016 യൂറോ കപ്പ് നേടിയ ടീമിലെ പെപ്പെ, റൂയി പെട്രിഷ്യൊ എന്നിവരാണ് റൊണാള്‍ഡോയ്ക്ക് ഒപ്പം ഇത്തവണയും യൂറോ പോരാട്ടത്തിനുള്ളത്. ബെല്‍ജിയം മുന്‍ പരിശീലകനായ റോബര്‍ട്ടോ മാര്‍ട്ടീനെസിന്റെ ശിക്ഷണത്തില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ടൂര്‍ണമെന്റിാണ് 2024 യൂറോ കപ്പ്.

ജൂണ്‍ 19ന് ചെക് ടീമിന് എതിരേയാണ് യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. തുര്‍ക്കി, ജോര്‍ജിയ ടീമുകളാണ് ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനും ചെക് ടീമിനും ഒപ്പം ഗ്രൂപ്പ് എഫില്‍ ഉള്ളത്.

Related Articles

Back to top button